Friday
20 Sep 2019

കാലവര്‍ഷം ശക്തം: വ്യാപക നാശംഇടുക്കിയില്‍ രണ്ട് മരണം

By: Web Desk | Wednesday 12 June 2019 9:45 PM IST


കൊച്ചി: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കിയില്‍ തോട്ടം മേഖലയിലടക്കം വ്യാപക നാശനഷ്ടമാണ് നേരിട്ടിരിക്കുന്നത്. മരം ഒടിഞ്ഞു വീണ് രണ്ട് ദിവസത്തിനിടെ ഇടുക്കിയില്‍ രണ്ടു പേര്‍ മരിച്ചു. അമ്പലപ്പുഴയില്‍ കടലാക്രമണം രൂക്ഷമായി. ചേര്‍ത്തല ഒറ്റമശ്ശേരിയിലും നിരവധി വീടുകള്‍ കടലെടുത്തു. എറണാകുളത്ത് ചെല്ലാനം മേഖലയില്‍ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ അധികൃതര്‍ നീക്കം ആരംഭിച്ചു. തൃശൂരില്‍ ചേറ്റുവ, അഴീക്കോട് മേഖലയിലും കടലാക്രമണം മൂലം തീരദേശവാസികള്‍ ദുരിതത്തിലായി.

ഇന്നലെ കുമളി ആനവിലാസം ചപ്പാത്തില്‍ മരം വീണുണ്ടായ അപകടത്തില്‍ തോട്ടം തൊഴിലാളിയായ ശാസ്താംനട എഐകെജി നഗറില്‍ താമസിക്കുന്ന പളനി സ്വാമിയുടെ ഭാര്യ സരസ്വതി(55) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ കട്ടപ്പനയില്‍ ഏലത്തട്ട് വാങ്ങാനെത്തിയ തൃശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി(48) യും മരം ഒടിഞ്ഞു വീണാണ് മരിച്ചത്.
ദേശിയപാത 85ല്‍ നിരവധിയിടങ്ങളില്‍ മരം കടപുഴകി വീണും മരം ഒടിഞ്ഞ് വീണും വാഹന ഗതാഗതം തടസപ്പെട്ടു. നേര്യമംഗലം വനമേഖലയില്‍ ഓടികൊണ്ടിരുന്ന കാറിനു മുകളില്‍ മരചില്ല ഒടിഞ്ഞ് വീണെങ്കിലും വാഹനയാത്രികര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. രാജാക്കാട് പഴയവിടുതിയില്‍ ശക്തമായ കാറ്റില്‍ വ്യാപക കൃഷി നാശം ഉണ്ടായി. കാറ്റും മഴയും ശക്തമായതോടെ ഏലത്തോട്ടങ്ങളില്‍ ജോലി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജകുമാരി ഖജനാപ്പാറ റൂട്ടില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഖജനാപ്പാറ അരമനപ്പാറ റൂട്ടില്‍ വന്‍ മരം കടപുഴകി വീണ് വൈദ്യുത പോസ്റ്റടക്കം നിലംപതിച്ചു.

ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ പ്രകൃതിക്ഷോഭത്തില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. പൈനാവ് ടൗണിലും പരിസര പ്രദേശങ്ങളിലുമായാണ് ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണത്. പൈനാവ് ഓട്ടോ സ്റ്റാന്റിന് സമീപത്ത് ജില്ലാ പഞ്ചായത്ത് ഭൂമിയില്‍ നിന്ന പാലമരം ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ തകര്‍ന്നു. പൈനാവ് കണ്ണാടിശേരി ഷാജിയുടെ ഓട്ടോയാണ് തകര്‍ന്നത്.
കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 60 ക്യുമെക്‌സ് ജലം ഇന്ന് രാവിലെ 7 മണി മുതല്‍ തുറന്നു വിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കടല്‍ക്ഷോഭത്തില്‍ ആലപ്പുഴ ജില്ലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. അമ്പലപ്പുഴ താലൂക്കിലാണ് നഷ്ടമേറെയും സംഭവിച്ചിരിക്കുന്നത്. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരിയിലും അനുഭവപ്പെടുന്ന കടല്‍ക്ഷോഭത്തിന് ശമനം ഉണ്ടായിട്ടില്ല. ഇവിടെ എട്ട് വീടുകള്‍ കടലെടുത്തു. കടല്‍ഭിത്തിയില്ലാത്ത അമ്പലപ്പുഴ വടക്ക് വില്ലേജില്‍ തീരം പൂര്‍ണ്ണമായും കടലെടുത്ത് കഴിഞ്ഞു.
എറണാകുളം ജില്ലയില്‍ കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ചെല്ലാനം. നിരവധി വീടുകളാണ് ഇത്തവണ ഇവിടെ കടലാക്രമണത്തില്‍ തകര്‍ന്നത്. ചെല്ലാനം ബസാര്‍, കമ്പനിപ്പടി, വേളാങ്കണ്ണി, ചെറിയകടവ്, മറുവക്കാട് തുടങ്ങിയ തീരപ്രദേശത്തെ മുന്നൂറിലേറെ വീടുകളില്‍ ഇന്നലെയും വെള്ളം കയറിയിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കടലാക്രമണമുണ്ടാകുന്ന ചെല്ലാനം, വേളാങ്കണ്ണി തീരങ്ങളില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ച് താല്‍ക്കാലിക ഭിത്തി സൃഷ്ടിച്ച് സംരക്ഷണം ഒരുക്കുന്നുണ്ട്.
തൃശൂരിന്റെ തീരദേശ മേഖലയില്‍ രൂക്ഷമായ കടലാക്രമണത്തില്‍ ഇന്നലെയും നിരവധി വീടുകള്‍ തകര്‍ന്നു. 600 ലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. എറിയാട്, അഴീക്കോട് തീരമേഖലയില്‍ കടലേറ്റം രൂക്ഷമായി തുടരുകയാണ്. മൂന്ന് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. അഴീക്കോട് ചുങ്കത്ത് അറക്കപ്പറമ്പില്‍ വത്സന്‍, കുഞ്ഞു മാക്കംപുരക്കല്‍ പ്രസന്ന ദിനേശന്‍, അമ്പലത്തു വീട്ടില്‍ ഹംസ എന്നിവരുടെ വിടുകളാണ് പൂര്‍ണമായും തകര്‍ന്നത്. എറിയാട് കെവിഎച്ച്എസ് സ്‌കൂള്‍, കാര സെന്റ് അല്‍ബാന സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ ഭക്ഷണം ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ചെയ്തു കൊടുക്കുന്നുണ്ട്.

Related News