ചുട്ടുപൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ

Web Desk
Posted on April 17, 2019, 10:34 pm

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴ. ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ ലഭിച്ചു. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 20 വരെ മിക്ക ജില്ലകളിലും മഴ പെയ്യും.

തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം മലപ്പുറത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതായും അറിയിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ മാറ്റമുണ്ടാകില്ല. നാളെ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ , ഇടുക്കി പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും 30 പേര്‍ക്ക് പൊള്ളലേറ്റു. പാലക്കാട് ഒരാള്‍ക്ക് സൂര്യാഘാതവും 29 പേര്‍ക്ക് സൂര്യാതപവും 28 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകളും രൂപപ്പെട്ടു. കോഴിക്കോട് എട്ടുപേര്‍ക്കും പത്തനംതിട്ട ആറുപേര്‍ക്കും വയനാട് നാലുപേര്‍ക്കും ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും എറണാകുളം, കൊല്ലം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് സൂര്യാതപമേറ്റത്. പത്തനംതിട്ട ആറുപേര്‍ക്കും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ അഞ്ചുപേര്‍ക്ക് വീതവും ആലപ്പുഴ മൂന്നുപേര്‍ക്കും ഇടുക്കിയില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടത്. സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.