സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമാണ് ഇന്നലെയും ഉണ്ടായത്. വീടുകൾ തകർന്നതിന് പുറമേ പലയിടങ്ങളിലും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ നിരവധി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളും അപകടമരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ദുരന്തനിവാരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കനത്ത മഴയിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു. 116 കർഷകർക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളിൽ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു.
എറണാകുളത്ത് മഴക്കെടുതിയിൽ ഇതുവരെ 230 വീടുകൾക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾ പൂർണമായും 227 വീടുകൾ ഭാഗികമായും തകർന്നു. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ നിഖിൽ മുരളിയുടെ മൃതദേഹം കോവിലകത്തുംകടവിന് സമീപം കണ്ടെത്തി. ഇടുക്കിയിൽ കനത്ത മഴയിൽ ഇതിനോടകം 148 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 10 വീടുകൾ പൂർണമായും 138 വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കയില്ലാത്ത നിലയിലാണ്.
വയനാട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മാത്രം വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഒരു വീട് പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. 463 ഹെക്ടർ കൃഷിഭൂമി നശിച്ചു. കോട്ടയം താലൂക്കിൽ 42 ക്യാമ്പുകളുണ്ട്. 1,527 പേർ ക്യാമ്പുകളിൽ കഴിയുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റര്‍ തുറന്നു. തൃശൂരിൽ കനത്ത മഴയെ തുടർന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ആകെ 12 ക്യാമ്പുകളിൽ 60 കുടുംബങ്ങളിലെ 170 പേർ ഉണ്ട്. കൊല്ലത്ത് ഇന്നലെ മാത്രം 24 വീടുകൾ ഭാഗികമായി തകർന്നു. കാസർകോട് അതിതീവ്ര മഴയിൽ വീടുകൾക്കും കടകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. മടിക്കൈ പഞ്ചായത്തിൽ നേന്ത്രവാഴ കൃഷി നശിച്ചു. മഞ്ചേശ്വരത്ത് വെള്ളം കയറിയതിനാൽ കടകൾക്ക് നഷ്ടമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.