Janayugom Online
janayugom photos

മഴ: വ്യാപക നാശനഷ്ടം

Web Desk
Posted on July 16, 2018, 11:02 pm

തിരുവനന്തപുരം: കനത്തമഴയില്‍ കേരളം വെള്ളക്കെട്ടായി മാറി. കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു മുന്നറിയിപ്പുള്ളതിനാല്‍ ജനം ആശങ്കയിലാണ്. ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കോട്ടയത്തും മലപ്പുറത്തുമായി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. പത്തനംതിട്ടയില്‍ ഒരാളെയും മലപ്പുറത്ത് രണ്ട് പേരെയുമാണ് കാണാതായത്. മരം വീണും വെള്ളം കയറിയും റോഡ്, റയില്‍ ഗതാഗതം തടസപ്പെട്ടു. പലയിടത്തും ഉരുള്‍പൊട്ടി. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് 190 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 6,065 കുടുംബങ്ങളിലായി 2,731 പേരാണ് ക്യാമ്പുകളിലുള്ളത്. ആലപ്പുഴയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്-75.
244.846 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുത ലൈനുകള്‍ പൊട്ടി. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ നാലു ക്യാമ്പുകളിലായി 33 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 12 ക്യാമ്പുകളിലായി 284 കുടുംബങ്ങളിലെ 1,007 പേരുണ്ട്. ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകള്‍ നശിച്ചു. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ഹെവി പമ്പുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 146 പേര്‍ കഴിയുന്നു. 49 വീടുകള്‍ ഭാഗികമായും രണ്ടെണ്ണം പൂര്‍ണമായും തകര്‍ന്നു.
കൊല്ലം ജില്ലയില്‍ 32 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാമ്പുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് തോടുകള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. കണ്ണൂരില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് 20 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂര്‍ഗ് കണ്ണൂര്‍ റോഡില്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. പാലക്കാട് പുഴയുടെ തീരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറി. അകത്തേത്തറയില്‍ ആരംഭിച്ച ക്യാമ്പില്‍ 50 പേരുണ്ട്. നെല്‍കൃഷി നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. നെല്ലിയാമ്പതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഇവിടെയും ക്യാമ്പ് തുറന്നിട്ടുണ്ട്. മംഗലം ഡാമില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ടു ക്യാമ്പുകളിലായി 128 പേരുണ്ട്. വയനാട്ടില്‍ 23 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കൃഷിയും റോഡുകളും മഴയെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്.
പത്തനംതിട്ട തിരുവല്ലയില്‍ 18 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. മല്ലപ്പള്ളിയില്‍ മൂന്നു ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 198 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 21 ക്യാമ്പുകളിലായി 218 കുടുംബങ്ങള്‍ കഴിയുന്നു. 35 ലക്ഷം രൂപയുടെ നഷ്ടം രണ്ടു ദിവസത്തെ മഴയില്‍ ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് 27 ക്യാമ്പുകളില്‍ 794 പേര്‍ കഴിയുന്നു. രണ്ടു സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. 138 വീടുകള്‍ പൂര്‍ണമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 33.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ആയിരം ഹെക്ടര്‍ നെല്‍വയല്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നാലു വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചിട്ടുണ്ട്.

കൂടുതല്‍ ജാഗ്രത  പുലര്‍ത്തണം: സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ദുരിതബാധിതര്‍ക്ക് പെട്ടെന്ന് ആശ്വാസം എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും സാന്നിധ്യത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
യോഗത്തില്‍ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ ടി ജയിംസ്, മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി എസ് സെന്തില്‍, റവന്യു — ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: നോയല്‍ ഡോണ്‍ തോമസ്