Web Desk

തിരുവനന്തപുരം

July 14, 2021, 8:17 am

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

Janayugom Online

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും തെക്കൻ ജില്ലകളിൽ ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. ഇത് കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിരുന്നെങ്കിലും ഇവ ശക്തമാകാനിടയില്ല. 

കേരള തീരത്ത് നിന്നും 17 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടം വരുത്തിയ കാറ്റിനും മഴയ്ക്കും ഇടയാക്കിയത് ലഘുമേഘവിസ്ഫോടനം ആണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉയരമുള്ളതും സാന്ദ്രതകൂടിയതുമായ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപമെടുത്തതില്‍നിന്നാണ് ശക്തമായ കാറ്റ് ഉണ്ടായത്. സാധാരണ ഇത്തരം മേഘങ്ങളോ ഇടിമിന്നലോ കാലവര്‍ഷക്കാലത്ത് ഉണ്ടാകാറില്ല. ഇവ അനുഭവപ്പെട്ട മേഖലകളിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
eng­lish sum­ma­ry; heavy rain expect­ed in kerala
you may also like this video;