ഹൈദരാബാദ് നഗരത്തില്‍ നാശം വിതച്ച് കനത്ത മഴ; 11 മരണം

Web Desk

ഹൈദരാബാദ്

Posted on October 18, 2020, 2:47 pm

ഹൈദരാബാദ് നഗരത്തില്‍ നാശം വിതച്ച് കനത്ത മഴ.  നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴവെള്ളം കുത്തിയൊലിക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയില്‍ ഗോല്‍കൊണ്ട കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. സന്ദര്‍ശകര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. കനത്ത മഴയില്‍ ബലാപ്പൂര്‍ തടാകത്തിന്റെ ബണ്ട് തകര്‍ന്നതിനാല്‍ നഗരത്തിന്റെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരണപ്പെട്ടു.

മാലാക്പേട്ട് സ്വദേശിയായ 50 വയസ്സുകാരൻ വൈദ്യുതി ഷോക്കേറ്റ് മരിച്ചു. അര്‍കെ പേട്ട പ്രദേശത്ത് അഞ്ചു വയസ്സുകാരൻ മതില്‍ക്കെട്ട് ഇട്ടിഞ്ഞു വീണു മരിച്ചു. ഇതോടെ ഹൈദരാബാദ് നഗരത്തില്‍ മാത്രം മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയി.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖൈറതാബാദ്, ചിന്ദല്‍ ബസ്തി, ഗാന്ധി നഗര്‍, ശ്രീനഗര്‍, മാരുതി നഗര്‍, ആനന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെ കോളനികള്‍ എല്ലാം വെള്ളത്തില്‍ മുങ്ങി. ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു.

നൂറ്റാണ്ടിനിടെ പെയ്യുന്ന ഏറ്റവും അതിശക്തമായ മഴയാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച നഗരത്തിലെ സിങ്കപൂര് ടൗണ്‍ഷിപ്പില്‍ മാത്രം 157.3 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഹൈദരാബാദ് കോര്‍പ്പറേഷനും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ കുറയ്ക്കാനായി ശ്രമം തുടരുകയാണ്. പെട്ടെന്നുണ്ടായ പ്രളയം മൂലം ഏകദേശം 5,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Eng­lish sum­ma­ry; heavy rain hyder­abad lat­est updation

You may also like this video;