Janayugom Online
അസമിൽ തുടരുന്ന കനത്ത മഴയിൽ തകർന്ന പാലം. തിൻസുക്കിയ ജില്ലയിൽ നിന്നുള്ള ദൃശ്യം

അസമിൽ വെള്ളപ്പൊക്കം രൂക്ഷം; മരണം 30

Web Desk

ഗുവാഹത്തി

Posted on June 25, 2020, 9:41 pm

അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. 30 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ വർധിക്കാനാണ് സാധ്യത. ഏഴ് ജില്ലകളിൽ നിന്നായി അരലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. 13,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോവിഡിനിടെ ഉണ്ടായ വെള്ളപ്പൊക്കം അസമിൽ ആശങ്ക വർധിപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് അസമിൽ തുടരുന്നത്. അടുത്ത 48 മണിക്കൂർ ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബ്രഹ്മപുത്രയും പോഷകനദികളുമായ ടെസ്റ്റ്, സുബൻസിരി, മാനസ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദിബ്രുഗഡ്, ജോർഹട്ട് തുടങ്ങി അപ്പർ അസമിലെ അരലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.

കോവിഡ് കാലമായതിനാൽ സാമൂഹിക അകലം പാലിച്ചാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. 5,000 ഹെക്ടർ കൃഷിയടക്കം സംസ്ഥാനത്തിന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, മേഘാലയ എന്നിവിടങ്ങളിലും അടുത്ത 24 മണിക്കൂർ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish Sum­ma­ry: Heavy rain in Assam.

you may also like this video;