ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

Web Desk

ന്യൂഡല്‍ഹി

Posted on April 30, 2020, 6:24 pm

അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ കീഴിലുള്ള പ്രാദേശിക വിദഗ്ദ കാലാവസ്ഥാ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുകയും ചെയ്യും.

തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങളിലുമാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. അതുകൊണ്ടു തന്നെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന്  പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടാതെ, തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60 കി മി വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിനാൽ, മൽസ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.

you may also like this video;