ഇടുക്കിയിൽ കനത്ത മഴ: മുല്ലപ്പെരിയാറിൽ ആശങ്ക ഉയരുന്നു

എവിൻ പോൾ

തൊടുപുഴ

Posted on August 05, 2020, 9:48 pm

ഇടുക്കി ജില്ലയിൽ മഴയ്ക്ക് ശമനമില്ല. ഇന്ന് രാവിലെ അവസാനിച്ച 24മണിക്കൂർ കണക്കെടുപ്പിൽ ജില്ലയിലാകെ ലഭിച്ചത് 73.54 മില്ലി മീറ്റർ മഴയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശമായ ഇടുക്കിയിൽ മാത്രം ഇന്ന് 82.40 മില്ലി മീറ്റർ മഴ ലഭിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലൊന്നായ പീരുമേട് മാത്രം 72 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാവിലെ വരെ ലഭിച്ചത്. ജില്ലയിൽ ദേവികുളം താലൂക്കിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

ഇന്ന് മാത്രം 116 മില്ലി മീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ ദിവസവും ദേവികുളം മേഖലയിൽ 118 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. ഉടുമ്പൻചോലയിൽ 42 ഉം തൊടുപുഴ താലൂക്കിൽ 54.9 മില്ലി മീറ്റർ മഴയും ലഭിച്ചു. 96.36 മില്ലിമീറ്റർ മഴയായിരുന്നു ചൊവ്വാഴ്ച്ച രാവിലെ വരെ ലഭിച്ചത്. മഴ ശക്തമായതിനാൽ മുൻകരുതലെന്ന നിലയിൽ മൂന്നാറിൽ ഒൻപത് കുടുംബങ്ങളെയും ദേവികുളത്ത് 23 കുടുംബങ്ങളെയും സമീപത്തെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജില്ലയിൽ വിവിധ താലൂക്കുകളിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും നിരവധി വീടുകൾ തകർന്നു. ഇതു വരെ ആളപായം ഉണ്ടായിട്ടില്ല. ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ രാജാക്കാട് ഉൾപ്പെടെ പലയിടങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.

കനത്ത മഴയിൽ മൂന്നാർ പെരിയവാര താൽക്കാലിക പാലം വീണ്ടും അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് 6.36 അടി ഉയർന്നു. 2343.92 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 41 ശതമാനമാണ്. 6.82 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 875.291 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്. പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ ഇന്നത്തെ ഉല്പാദനം 1.522 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. 2190 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ സംഭരിക്കാവുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന് 120.60 അടിയിലെത്തി. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ തേക്കടിയിലും പീരുമേടും ഇന്നലെയും മഴയുണ്ട്. മലങ്കര ജലാശയത്തിലെ ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.

you may also like this video