രാജ്യത്ത് ശക്തമായ മഴയുണ്ടാകും

Web Desk

ന്യൂഡല്‍ഹി

Posted on August 26, 2020, 10:25 pm

ഓഗസ്റ്റ് അവസാനവാരത്തില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്. രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ ജാഗ്രതപാലിക്കണമെന്നും റീജിയണല്‍ മെറ്റിറോളജിക്കന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.

ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ട് വരാന്‍ സാധ്യയുള്ളതിനാല്‍ ഗതാഗത തടസ്സുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പറയുന്നു. ഓഗസ്റ്റ് 26 മുതല്‍ 28 വരെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാകും. ഒഡിഷയില്‍ തുടരുന്ന ശക്തമായ മഴയില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒഡിഷയിലെ ചമ്പുവയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 21 സെന്റീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ബൗധില്‍ 20.8 സെന്റീമീറ്ററും മര്‍ഷാഗിയില്‍ 23.4 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. കാലവര്‍ഷം രണ്ടുമുതല്‍ മൂന്ന് ദിവസം കൂടി ശക്തമായി തുടരും.

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ, പശ്ചിമബംഗാള്‍ , ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവ ലക്ഷ്യമാക്കി നീങ്ങുകയാണ്. അഞ്ച് ദിവസങ്ങള്‍ക്കകം ഉത്തര്‍പ്രദേശിലേക്കെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ഓഗസ്റ്റ് 28 ഓടുകൂടി ഒഡിഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാജസ്ഥാനില്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ ശക്തമായ മഴ ലഭിക്കും. ഓഗസ്റ്റ് 27നുണ്ടാകുന്ന ശക്തമായ മഴ ചണ്ഡീഗഡില്‍ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ സജ്ജമായിരിക്കണമെന്നും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റില്‍ രാജ്യത്താകെ 22.6 ശതമാനം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 5.2 ശതമാനം അധികമഴയും രേഖപ്പെടുത്തി.

ENGLISH SUMMARY:Heavy rain in india
You may also like this video