സംസ്ഥാനത്ത് കനത്ത മഴ; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

Web Desk
Posted on July 19, 2019, 10:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. 23 വരെ ജാഗ്രതാനിര്‍ദ്ദേശം. നാല് ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കാസര്‍കോഡ്, 21 ന് കോഴിക്കോട്, വയനാട് , 22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

20ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, 21ന് മലപ്പുറം, കണ്ണൂര്‍, 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍, 23ന് കണ്ണൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ : ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍. 21 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്. 22 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.23 ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

നാളെ രാത്രി പതിനൊന്നര വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

മഴയില്‍ കനത്ത നാശ നഷ്ടം

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം. തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വിഴിഞ്ഞത്തും നീണ്ടകരയിലും മത്സ്യബന്ധനത്തിന് പോയവരെ കാണാതായി. മലയോരമേഖലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജലനിരപ്പുയര്‍ന്നതിനാല്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നലെ തുറന്നു. കണ്ണുര്‍ ജില്ലയിലാണ് രണ്ടും. എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമായി തുടരുകയാണ്. വലിയതുറ, പൂന്തുറ, ബീമാപ്പള്ളി, വിഴിഞ്ഞം, വേളി എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം ശക്തമാണ്. കടലാക്രമണത്തില്‍ ഈ പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെയാണ് കടലില്‍ കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ്,ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍,ആന്റണി എന്നീ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല .കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ കടലില്‍ നിരീക്ഷണം നടത്തുന്നത്. ജില്ലകളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തെരച്ചില്‍.