സംസ്ഥാനത്ത് അതിശക്തമായ മഴ; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

Web Desk

പാലക്കാട്

Posted on September 20, 2020, 6:31 pm

സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് ഉയരുന്നതിനെ കണക്കിലെടുത്ത് പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു, പീച്ചി ഡാം, ചിമ്മിനി ഡാമുകളുടെ തുറക്കാന്‍ നിര്‍ദ്ദേശം. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് ഉച്ചയക്ക് രണ്ട് മണിക്ക് തുറന്നു. 18 അടി ഉയർത്തിയ സ്ലൂയിസ് വഴി 191.42 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പെരിങ്ങൽക്കുത്തിന്റെ ആറ് ക്രസ്റ്റ് ഗേറ്റുകൾ 15 അടി ഉയർത്തിയിട്ടുണ്ട്. ഇതുവഴി 449.33 ക്യുമെക്‌സ് ജലവും പുഴയിലേക്ക് ഒഴുകുന്നു. വൈകീട്ട് അഞ്ചിന് 421.75 മീറ്ററാണ് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 80.70 % വെള്ളം. 424 മീറ്ററാണ് പൂർണ സംഭരണ നില.

ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. ഉച്ച മൂന്നിന് 5.17 മീറ്ററാണ് ചാലക്കുടി പുഴയിലെ അരങ്ങാലി സ്‌റ്റേഷനിലെ ജലനിരപ്പ്. മുന്നറിയിപ്പ് നില 7.1 മീറ്ററാണ്. കേരള ഷോളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ രണ്ട് അടി വീതം ഉയർത്തിയിട്ടുണ്ട്. അതിനാൽ, 150 ക്യുമെക്‌സ് ജലം പെരിങ്ങൽക്കുത്തിലേക്ക് ഒഴുകുന്നു. പറമ്പിക്കുളം ഡാമിൽനിന്ന് 4000 ഘന അടി വെള്ളം പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകൾ തുറന്ന് 100 ക്യുമെക്‌സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കിവിടുന്നു.

വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഞാറായറാഴ്ച വൈകീട്ട് നാലിന് 74.69 മീറ്ററാണ് ഡാമിലെ ജലവിതാനം. സംഭരണ ശേഷിയുടെ 91.51 ശതമാനം വെള്ളം ഡാമിലുണ്ട്. 76.40 മീറ്ററാണ് ഡാമിന്റെ പരമാവധി ജലവിതാനം.

ഞായറാഴ്ച കാലത്ത് 8 മണിക്ക് പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 78.19 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ ഷട്ടറുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാമിലേക്ക് ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ച മൂന്ന് മണിക്ക് ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്. 79.25 മീറ്ററാണ് ഡാമിന്റെ പരമാവധി ജലവിതാനം.

ENGLISH SUMMARY:heavy rain in ker­ala dams will be open soon
You may also like this video