വീണ്ടും നെഞ്ചിടിപ്പിന്റെ മഴപ്പെയ്ത്ത്

Web Desk
Posted on August 07, 2020, 3:00 am

അതീവ സങ്കീർണമായൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയും അപകട സാധ്യതയുമുള്ളതിനാൽ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദ്ദേങ്ങൾ നൽകിയിരിക്കുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നലെ റെഡ് അലർട്ടായിരുന്നു.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓഗസ്റ്റ് മാസം വല്ലാതെ മഴ പെയ്യുകയും നാശം വിതയ്ക്കുകയും ചെയ്തിരുന്നു. 2017 നവംബർ, ഡിസംബർ മാസങ്ങളിൽ ഓഖി ദുരന്തത്തെയും കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. മൂന്ന് വർഷത്തിനിടെ മൂന്ന് പ്രകൃതിദുരന്തങ്ങളാണ് നമുക്ക് നേരിടേണ്ടിവന്നത്. 2018 ലെ മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കിയ നാശനഷ്ടം വളരെ വലുതായിരുന്നു. കേരളം പുതുക്കി പണിയേണ്ട അവസ്ഥയാണ് ആ വെള്ളപ്പൊക്കം സംസ്ഥാനത്ത് സൃഷ്ടിച്ചത്. 2019 ഓഗസ്റ്റിൽ 2018 നെക്കാൾ മഴ കൂടുതലായിരുന്നുവെങ്കിലും ആ വർഷത്തെ അപേക്ഷിച്ച് ദുരന്തത്തിന്റെ വ്യാപ്തി കുറവായിരുന്നുവെന്നാണ് കണക്കുകൾ. ഓഖി ദുരന്തത്തിൽ 59 പേർ മരിക്കുകയും 92 പേരെ കാണാതാകുകയും ചെയ്തു. ഇതിൽ 51 മത്സ്യത്തൊഴിലാളികളായിരുന്നു.

2018 ലുണ്ടായ മഹാപ്രളയത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം 435 പേർക്കാണ് ജീവഹാനി നേരിട്ടത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുണ്ടാക്കിയ കണക്കുകൾ പ്രകാരം 26,720 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ പ്രകാരംപോലും 26,718 കോടിയുടെ നഷ്ടമുണ്ടായി. 16,107 പൂർണമായും 2,46,303 ഭാഗികമായും ഉൾപ്പെടെ 2,62,410 വീടുകൾക്കാണ് നാശം നേരിട്ടത്. എന്നാൽ കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് 5,616 കോടി രൂപ മാത്രമേ ആവശ്യപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ. സ്ഥിതിഗതികൾ പഠിക്കാനും നഷ്ടപരിഹാരം വിലയിരുത്താനും രണ്ടു ഘട്ടങ്ങളിലായി കേന്ദ്രസംഘം സംസ്ഥാനത്ത് സന്ദർശനം നടത്തിയിരുന്നു. എങ്കിലും 31,000 കോടി രൂപ ചെലവു വരുന്ന കേരള പുനർനിർമ്മാണ പദ്ധതിക്കാണ് സംസ്ഥാനം രൂപം നല്കി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ മഴക്കെടുതിയിൽ 125 പേർക്കാണ് ജീവഹാനിയുണ്ടായത്. 17 പേരെ കാണാതായി. ഓഗസ്റ്റ് മാസം 97,409 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നു. 1967 വീടുകൾ പൂർണമായും 19,297 ഭാഗികമായും തകർന്നു. 2,102കോടിയോളം രൂപയുടെ ആകെ നാശനഷ്ടമാണ് കണക്കാക്കിയത്. ഇവിടെയും കേന്ദ്രം സംസ്ഥാനവിഹിതമായി നേരത്തേ നീക്കിവയ്ക്കുന്ന തുകയാണ് നല്കിയത്. ഈയൊരു പശ്ചാത്തലം നിലനില്ക്കുമ്പോഴാണ് ഈ വർഷത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നമുക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇന്നലെ മുതൽ കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറത്തും ഉൾപ്പെടെ ശക്തമായ മഴ പെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളിൽ ഉരുൾപൊട്ടലുൾപ്പെടെ ഉണ്ടായെന്ന റിപ്പോർട്ടുകളുമുണ്ട്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. മുൻവർഷങ്ങളിലെ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ടുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് റവന്യു- ദുരന്ത നിവാരണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും ഇവിടെയും ജനജാഗ്രത അത്യാവശ്യമാണ്. അധികൃതർ നല്കുന്ന മുന്നറിയിപ്പുകളും നിർദ്ദേശിക്കുന്ന മുൻകരുതൽ മാർഗങ്ങളും ഓരോ വ്യക്തിയും പാലിക്കേണ്ടതുണ്ട്. മാത്രമല്ല ഇത്തവണ നാം കോവിഡ് എന്ന മഹാമാരിയുടെ ദുരന്ത മുഖത്ത് നിൽക്കുമ്പോഴാണ് മഴക്കെടുതിയുടെ ആശങ്കകൾ വന്നുനിൽക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കോവിഡിനെതിരായ പ്രതിരോധം താളം തെറ്റാതെ നോക്കാൻ ഈ ഘട്ടത്തിലും നമുക്ക് സാധിക്കണം. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് സാധാരണ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കാൾ സങ്കീർണമാണ്. സാധാരണ ജനങ്ങൾപോലും കോവിഡ് മാനദണ്ഡങ്ങൾ — സാമൂഹ്യഅകലം, വ്യക്തിശുചിത്വം, മുഖാവരണം — കൃത്യമായി പാലിക്കുന്നില്ലെങ്കിൽ രോഗബാധയും പടരാനുമുള്ള സാധ്യതകളും മുന്നിൽ കാണണം. അതുകൊണ്ട് ഓരോ പൗരനും ഉത്തരവാദിത്ത ബോധമുള്ളവരായി മാറേണ്ടതുണ്ട്. കേരളത്തിലെ എൽഡിഎഫ് സർക്കാർ അതിന് ആകാവുന്നതെല്ലാം — കോവിഡായാലും പ്രളയമായാലും — ചെയ്യുന്നുണ്ട്. അത് പൂർണാർത്ഥത്തിൽ വിജയിക്കണമെങ്കിൽ ജനങ്ങളും സന്നദ്ധ പ്രവർത്തകരായി മാറിയേതീരൂ.