മധ്യകേരളത്തില്‍ മഴ ശക്തം; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു

Web Desk
Posted on August 14, 2019, 8:56 pm

കൊച്ചി: ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിച്ചതോടെ ജില്ലയില്‍ വീണ്ടും മഴ ശക്തിപ്പെട്ടു. മഴക്കെടുതിമൂലമുള്ള ദുരിതത്തില്‍ നിന്നും കരകയറുന്നതിന് മുന്‍പ് കനത്ത മഴയെത്തിയത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. പെരിയാറിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 419.47 മീറ്ററില്‍ നിലനിര്‍ത്തി. രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു. ഇതേതുടര്‍ന്ന് ചാലക്കുടി പുഴയില്‍ ഒഴുക്ക് കൂടിയിട്ടുണ്ട്. ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളും തുറന്നിരിക്കയാണ്.

മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി 30 സെന്റിമീറ്റര്‍ ആക്കി. ഏലൂര്‍ പാതാളം, മഞ്ഞുമ്മല്‍, കണക്കന്‍കടവ് , പുറപ്പിള്ളിക്കാവ്, റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും മഴ കനത്തപ്പോള്‍ തുറന്നത് അതേനിലയില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയില്‍ മഴ കനത്തതോടെ കളക്ടറുടെ നിര്‍ദേശപ്രകാരം നേര്യമംഗലം 46 ഏക്കര്‍ ഭാഗത്തെ 24 കുടുംബങ്ങളെ നേര്യമംഗലം ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മഴ നാളെയും മറ്റെന്നാളും തുടരുമെന്ന മുന്നറിയിപ്പില്‍ എല്ലാതരത്തിലുമുള്ള ജാഗ്രതയും കൈകൊണ്ടിട്ടുണ്ടെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജില്ലയില്‍ ഇനിയുള്ളത് 35 ദുരിതാശ്വാസ ക്യാമ്പുകളാണ് . ഇവിടെ 984 കുടുംബങ്ങളിലെ 3116 പേരാണ് കഴിയുന്നത്.

ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ ഹൈറേഞ്ച് മേഖലയിലെ ജനജീവിതം സാധാരണനിലയിലായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന പ്രധാന റോഡുകള്‍ താല്‍കാലികമായി നന്നാക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ 152 മില്ലിമീറ്റര്‍ മഴലഭിച്ചു. ഉടുമ്പന്‍ചോലയില്‍ 45.4, ദേവികുളത്ത് 9.6, തൊടുപുഴയില്‍ 61, ഇടുക്കിയില്‍ 79.2 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി.

ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 111 കുടുംബങ്ങളിലെ 324 പേര്‍ താമസിക്കുന്നുണ്ട്. പെരിയകനാല്‍ പീക്കാട്ടില്‍ വെള്ളിയാഴ്ച ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മലയടിവാരത്ത് താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2346.30 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 42.75 ശതമാനമാണിത്.

7.92 സെ.മീ. മഴ ഇന്ന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി. 44.201 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. 1.409 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ നാലെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.75 അടിയായി ഉയര്‍ന്നു. 3837 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ 1400 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ പെരിയാറില്‍ 5.74 സെ.മീറ്ററും തേക്കടിയില്‍ 3.64 സെ.മീറ്ററും മഴ ലഭിച്ചു.

കോട്ടയം ജില്ലയില്‍ വെള്ളമിറങ്ങി തുടങ്ങിയ പ്രദേശങ്ങള്‍ കനത്തെ മഴയെത്തുടര്‍ന്ന് വീണ്ടും വെള്ളത്തിനടിയിലായി. ചങ്ങനാശേരി ആലപ്പുഴ റോഡില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ ഈരാറ്റുപേട്ട മേഖല വീണ്ടും വെള്ളത്തിലായി. ഈ വര്‍ഷം രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്. ഇതിനിടെ മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍ പൊട്ടല്‍ ഭീഷണി മുന്‍ നിര്‍ത്തി കഴിഞ്ഞ ദിവസം കിഴക്കന്‍ മേഖലയില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും തൃശൂര്‍ ജില്ലയില്‍ 223 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. 15,195 കുടുംബങ്ങളിലെ 45,309 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 18,994 പുരുഷന്മാരും 19,832 സ്ത്രീകളും 6483 കുട്ടികളുമുണ്ട്. ഇതുവരെ 225 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ ഉയര്‍ത്തും.

പ്രളയ മേഖലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 1008 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ക്യാമ്പുകളില്‍ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോപതി ഡോക്ടര്‍മാരടങ്ങിയ സംയുക്ത മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കി വരുന്നുണ്ട്.

പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാല്‍ കുട്ടനാട്ടില്‍ പ്രളയഭീതി വിട്ടൊഴിയുന്നില്ല. ഇന്ന് ജില്ലയില്‍ പകല്‍ ശക്തമായ മഴയുണ്ടായില്ല. കുട്ടനാട്ടിലെ ജലനിരപ്പ് കുറയാത്തതിനാല്‍ ക്യാമ്പുകളില്‍ നിന്നാരും തിരികെ പോയിട്ടില്ല.

കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയ സാഹചര്യത്തില്‍ അത് കടലിലേക്ക് ഒഴുകിയെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ ജെസിബി ഉപയോഗിച്ച് ചാലുകള്‍ക്ക് വീതികൂട്ടുന്ന പ്രവൃത്തികള്‍ നടന്നുവരുന്നു. തോട്ടപ്പള്ളി പൊഴിമുഖത്തെ രണ്ട് വശങ്ങളിലും മണല്‍ കൂടികിടക്കുന്നതിനാല്‍ ഒഴുക്കിന്റെ ശക്തി കുറഞ്ഞിരുന്നു. കടലിലേക്ക് വെള്ളം ഒഴുകി മാറാനായി തോട്ടപ്പള്ളി, തണ്ണീര്‍മുക്കം, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ പൂര്‍ണ്ണമായും തുറന്നിട്ടുണ്ട്.