Web Desk

കോഴിക്കോട്

October 12, 2021, 7:24 pm

സംസ്ഥാനത്ത് മഴ കനക്കുന്നു: കോഴിക്കോട് വീടുകള്‍ വെള്ളത്തിനടിയില്‍, ദുരന്തനിവാരണ സേന എത്തി, വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

Janayugom Online

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ജനജീവിതം ദുസ്സഹമായി. കോഴിക്കോട് ഫറൂക്കില്‍ തിങ്കളാഴ്ച രാത്രി നിർത്താതെ പെയ്ത പെരുമഴ ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തി മേഖലയെ സാരമായി ബാധിച്ചു.

പാണ്ടിപ്പാടം, പുതിയമാട്ടുമ്മൽ, പൊട്ടിച്ചിരി, മഠത്തിൽപ്പാടം പ്രദേശങ്ങളിലെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. നിരവധി വീടുകളുടെ തറനിരപ്പു വരെ വെള്ളമെത്തി. ചില കുടുംബങ്ങൾ വീട്ടുസാധനങ്ങൾ സുരക്ഷിതമായി വച്ചതിനു ശേഷം ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടി. ഫറോക്ക് -

കരുവൻതിരുത്തി റോഡിൽ  കോമൺവെൽത്ത് കമ്പനിക്കു സമീപം  മരത്തിൽ ചുറ്റിപ്പടർന്ന വള്ളിക്കെട്ടുകൾ പൊട്ടിവീണ് ഗതാഗത തടസ്സം ഉണ്ടായി. ഫറോക്ക് ബി ഇ എം യു പി സ്കൂളിനു സമീപം  പാഴ്മരം പൊട്ടിവീണ് വൈദ്യുത പോസ്റ്റ് തകർന്നു.കരുവൻതിരുത്തി ദ്രുതം സേനാംഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തി. കരുവൻതിരുത്തി പരിവർത്തനയ്ക്കു സമീപം  എടവലത്തുപറമ്പിൽ രണ്ടു വീടുകൾക്കിടയിലെ മതിൽക്കെട്ടിടിഞ്ഞു വീണു.  പുറക്കാട്ടുപറമ്പ് റഹ്മത്തുള്ളയുടെ വീടിനു സമീപം  10 അടിയോളം ഉയരമുള്ള  മതിലാണ് തകർന്നത്. രാവിലെ 9 മണിയോടെ വലിയ ശബ്ദത്തോടെയാണ് മണ്ണും കല്ലും താഴേയ്ക്കു വീണത്. ഇവിടെ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

രണ്ടു വീടുകളും സുരക്ഷാ ഭീഷണിയിലാണ്. സായി മഠത്തിനു സമീപമുള്ള പല  വീടുകളും വെള്ളക്കെട്ടിലായി. പൊട്ടിച്ചിരി- മാട്ടുമ്മൽ റോഡിൽ വെള്ളം കയറി. ഈ പ്രദേശത്ത് താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. ഫറോക്ക് — വെസ്റ്റ് നല്ലൂർ റോഡിലെ റയിൽവേ അടിപ്പാത വെള്ളത്തിലായി. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ പട്ടണ്ണ ചന്ദ്രൻ, പട്ടണ്ണ രവി ഇവരുടെ വീടിൻ്റെ തറനിരപ്പു വരെ വെള്ളത്തിലായി.  ഫറോക്ക് — വെസ്റ്റ് നല്ലൂർ റോഡിൽ യാത്ര ദുസ്സഹമായി.

കേന്ദ്ര കാലാവസ്ഥാ വകുപിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തെത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. ഫീൽഡ് കമാൻഡർ രാം ബാബു സബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സേനാംഗങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക്കുമായി ചർച്ച നടത്തി. തുടർന്ന് പറവൂർ താലൂക്കിലെ പുത്തൻവേലിക്കര പ്രദേശം സംഘം സന്ദർശിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലും മഴക്കെടുതിയെത്തുടര്‍ന്ന് ഇടിഞ്ഞുവീണതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: Heavy rains in the state: Kozhikode hous­es sub­merged, dis­as­ter relief team arrives, air­port perime­ter wall collapses

 

You may like this video also