കുട്ടനാട് പൂർണമായി വെള്ളക്കെട്ടിലമർന്നു

ആർ ബാലചന്ദ്രൻ

ആലപ്പുഴ

Posted on August 08, 2020, 9:04 pm

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും വർധിച്ചതോടെ കുട്ടനാട് പൂർണമായും വെള്ളത്തിൽ മുങ്ങി. 2018ൽ ഉണ്ടായ പ്രളയത്തിന് സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വെള്ളത്തിൽ വീണ് കുട്ടനാട്ടിൽ വയോധികയെ കാണാതായി.

മാന്നാർ, നിരണം, തലവടി, മുട്ടാർ, വീയപുരം, എടത്വാ, തകഴി, ചെറുതന തുടങ്ങിയ പഞ്ചായത്തുകളിൽ സ്ഥിതി ഗുരുതരമാണ്. നിലവിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും പമ്പയിലും മണിമല ആറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. തലവടി ചക്കുളം കുതിരച്ചാൽ കോളനി വെള്ളത്തിൽ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറി. കോളനിയിൽ നിന്ന് പുറത്തുകടക്കുന്ന റോഡ് അരയറ്റം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. കോളനി നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തിരുവല്ല‑എടത്വാ സംസ്ഥാനപാതയും എ സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന മുട്ടാർ‑കിടങ്ങറ റോഡിൽ കുമരങ്കരി പള്ളിക്ക് സമീപവും, എടത്വാ-തായങ്കരി-വേഴപ്ര റോഡിൽ പടനിലത്തിന് സമീപവും, വീയപുരം-ചെറുതന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാഞ്ചിരംതുരുത്ത് റോഡും, തലവടി ഷാപ്പുപടി-പൂന്തുരുത്തി റോഡുകളും ഗ്രാമപ്രദേശത്തെ ഇടറോഡുകളുമാണ് വെള്ളത്തിൽ മുങ്ങിയത്. അപകടസാധ്യത കണക്കിലെടുത്ത് കെ­എസ്ആർടിസി കുട്ടനാട്ടിലേക്കുള്ള സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. മങ്കൊമ്പ് വരെ മാത്രമാണ് സർവീസ് നടത്തുന്നത്.

കുട്ടനാട്ടിലെ റോഡുകളുടെ ഉയരക്കുറവാണ് വെള്ളം പെട്ടെന്നുകയറാൻ കാരണമാകുന്നത്. ബസ് സർവീസ് ഇല്ലാത്ത കാഞ്ചിരംതുരുത്ത് റോഡിലും വെള്ളം കയറി. ഷാപ്പുപടി-കളത്തിക്കടവ് റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റുന്ന നടപടികൾ അതീവ ജാഗ്രത പാലിച്ചാണ്. ആരോഗ്യവകുപ്പ് ജീവനക്കാർ ക്യാമ്പുകളിൽ സജീവമാണ്. റവന്യു, പഞ്ചായത്ത്, ഫയർഫോഴ്സ് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ വെള്ളം പൊങ്ങിയ സ്ഥലങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ സജ്ജരാണ്.

അതേസമയം, കുട്ടനാട്ടിൽ മടവീഴ്ച ഭീഷണിയും നിലനിൽക്കുന്നുണ്ട്. കൊമ്പൻകുഴി പാടശേഖരം മടവീഴാറായി നിൽക്കുകയാണ്. തകഴി കൃഷിഭവൻ പരിധിയിൽപ്പെട്ട കേളമംഗലം കോനാട്ടുകരി പാടം മടവീണു. 65 ദിവസം പിന്നിട്ട രണ്ടാംകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. 70 ഏക്കർ വിസ്തൃതിയുള്ള പാടത്ത് പാട്ടകർഷകർ ഉൾപ്പെടെ 22 ഓളം കർഷകർ കൃഷി ചെയ്തിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി കർഷകർ പറഞ്ഞു. ബോട്ടുകളിലും ചെറിയ വള്ളങ്ങളിലുമായി നൂറുകണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ച് കഴിഞ്ഞു. ടൈറ്റാനിക്ക് പാലത്തിന് സമീപം വെള്ളത്തിൽ വീണ് വയോധികയെ കാണാതായി. കുട്ടനാട് സ്വദേശിയായ സരസമ്മയെ (70) ആണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി. ക്യാമ്പുകളിലേക്ക് വേണ്ട അവശ്യസാധനങ്ങളുടെ ലഭ്യതയും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. ആകെ ജില്ലയിലെ 12 ക്യാമ്പുകളിലായി 800 ഓളം പേരാണ് കഴിയുന്നത്.

you may also like this video