Web Desk

മുംബൈ

July 18, 2021, 10:40 pm

മുംബൈയില്‍ കനത്ത മഴ: മരണം 31 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Online

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 31 മരണം. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് പത്തുപേരും ചെമ്പൂരിലെ ഭാരത് നഗറില്‍ 21 പേരുമാണ് മരിച്ചത്. ചെമ്പൂരിലെ ഭാരത് നഗര്‍ മഹുൽ പ്രദേശത്തു രാത്രി ഒരു മണിയോടെ മതിലിടിഞ്ഞ് വീടുകളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പുലർച്ചെ രണ്ടരയോടെ ഉണ്ടായ വിക്രോളി സൂര്യനഗറിലെ മണ്ണിടിച്ചിലിൽ ആറു കുടിലുകൾ തകർന്നു.

ഭാണ്ഡൂപിൽ വനം വകുപ്പിന്റെ മതില്‍ തകർന്നുണ്ടായ അപകടത്തില്‍ പതിനാറുകാരനും ജീവന്‍ നഷ്ടമായി. ചെമ്പൂരില്‍നിന്ന് 15 പേരെയും വിക്രോളിയില്‍ നിന്ന് ഒമ്പത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂർ, കുര്‍ള, എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റയില്‍വേയിലെയും വെസ്റ്റേണ്‍ റയില്‍വേയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ആറു മണിക്കൂറിനുള്ളില്‍ മുംബൈയിലും സമീപപ്രദേശങ്ങളിലും 120 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ മാത്രം 200 മില്ലീമീറ്റര്‍ മഴ ലഭിച്ചു. അടുത്ത അഞ്ചുദിവസം കൂടി മഹാരാഷ്ട്രയില്‍ കനത്ത മഴയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിൽ അഗാധദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപയും നല്‍കും. മഹാരാഷ്ട്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Eng­lish sum­ma­ry: Heavy rain in Mum­bai: Death toll reached 31
You may also like this video: