Friday
20 Sep 2019

കാറ്റിലും മഴയിലും ജില്ലയിലെ പലയിടങ്ങളിലും വന്‍ നാശം

By: Web Desk | Monday 29 April 2019 10:08 PM IST


പത്തനംതിട്ട: തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും വന്‍നാശം. വ്യാപകമായി മരം കടപുഴകി വീണു. ശക്തമായ കാറ്റ ്കൃഷിയിടങ്ങളെ ബാധിച്ചു. ഗതാഗതവും വൈദ്യതി ബന്ധവും താറുമാറായി.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് അപകടമുണ്ടായി. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചിറ്റാര്‍ സ്വദേശി ഇര്‍ഷാദും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് ഫെഡറല്‍ ബാങ്കിന് മുന്നിലെ ബദാം മരം ഒടിഞ്ഞു വീണത്.. മരത്തിന്റെ ശിഖരങ്ങള്‍ റോഡില്‍ കുത്തിനിന്നതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. കാറില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഇവര്‍ ഭീതിയിലായി. പിന്നീട് സമീപത്തെ കടയിലെ ജീവനക്കാരും നാട്ടുകാരും കാറിന്റെ വാതില്‍ തുറന്ന് ഇവരെ പുറത്തിറക്കി. സംഭവത്തോടെ വൈദ്യുതി ലൈന്‍ തകര്‍ന്നു വീണു. ഉടന്‍തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഏറെ നേരം ഈ റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘമെത്തി കാറിന് മുകളില്‍നിന്ന് മരം മുറിച്ചു മാറ്റുകയായിരുന്നു. കാറിന് സാരമായ നാശമുണ്ട്.
ചിറ്റാര്‍ സീതത്തോട് പാതയില്‍ മണിയാറിന് സമീപം വന്‍ മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം സ്ഥംഭിച്ചു. സിതത്തോടില്‍ നിന്നും അഗ്നിശമന സേന എത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
കോന്നി: കോന്നിയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം.കോന്നി മുറിഞ്ഞകല്ലില്‍ കാറിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.മുറിഞ്ഞകല്‍ എസ് എന്‍ ഡി പിക്ക് സമീപത്തായിരുന്നു അപകടം നടന്നത്.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.ഗുരുമന്ദിരത്തിന് സമീപത്ത് നിര്‍മ്മിച്ച വേദിയും തകര്‍ന്നു.വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.നെടുമണ്‍കാവ് കോളനി റോഡ്,കൈലാസകുന്ന് ഭാഗം,രാധപടി,കൊല്ലന്‍പടി,ചൂരക്കുന്ന് റോഡ്,കൂടല്‍ ഇഞ്ചപാറ റോഡ് തുടങ്ങിയ ഇടങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും കോന്നിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.പലയിടങ്ങളിലും വൈദ്യുത ബന്ധം തകരാറിലായി. ശക്തമായ കാറ്റിലും മഴയിലും വകയാര്‍ മേഖലയില്‍ വ്യാപകമായ കൃഷി നാശം സംഭവിച്ചു.കൊല്ലന്‍പടി മേലേപടിയില്‍ ആഞ്ഞിലിമരം പിഴുത് വീണ് പോസ്റ്റ് ഒടിഞ്ഞു. കൊല്ലന്‍പടിയില്‍ മണിമലപ്പടിയില്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് കടയ്ക്ക് നാശം സംഭവിച്ചു. കൊല്ലന്‍പടി പനനില്‍ക്കുംമുകളില്‍ കിഴക്കേചരിവുവിളയില്‍ സാബുവിന്റെ വീടിന് ഇടിമിന്നലേറ്റ് മെയിന്‍സ്വിച്ചിന് നാശം സംഭവിച്ചു.സാബുവിന്റെ മകന്‍ ഷിറിനും നേരിയ തോതില്‍ ഇടിമിന്നലേറ്റു.വി കോട്ടയത്ത് കനത്തമഴയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ നശിച്ചു.വകയാര്‍ മ്ലാന്തടം എം കെ ജി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ വീടിനു മുകളില്‍ തേക്ക് മരം വീണു വീടു തകര്‍ന്നു .മലയാലപ്പുഴയില്‍ ഇലക്കുളം കാഞ്ഞിരപ്പാറ റോഡില്‍ മരം വീണു .ഇലക്ട്രിക് പോസ്റ്റുകള്‍ പിഴുതു വീണു .കോഴികുന്നം കോളനിയില്‍ കടമാം പളളില്‍ ഭസ്‌കരന്‍ ,ഈട്ടി നില്‍ക്കുന്നതില്‍ കുഞ്ഞുമോന്‍, വിജോ ഭവനില്‍ വിജു എന്നിവരുടെ വീടികളുടെ മുകളില്‍ മരം കടപുഴകി വീണു വീടുകള്‍ തകര്‍ന്നു, ഇലക്കുളത്ത് വടക്കേ നിരവേല്‍ കുഞ്ഞു പിള്ള, ,വള്ളിയാനി അഖില്‍ ഭവനില്‍ മനോജിന്റെ വീടിനു മുകളില്‍ മരം വീണു വീടു തകര്‍ന്നു, മുണ്ടയ്ക്കല്‍ നൂറോലില്‍ തങ്കച്ചന്റെ വീടിന്റെ നാലു ഭാഗത്തു നിന്നും മരം വീണ് പുര്‍ണ്ണമായി തകര്‍ന്നു വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.വി കോട്ടയം, പ്രമാടം ,കോന്നി ,കല്ലേലി ,ഐരവണ്‍ ,കോന്നിതാഴം എന്നിവടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും പിഴുതു വീണു.

Related News