ഉത്തരേന്ത്യയില്‍ കനത്ത മഴ; യുപിയില്‍ 74 പേര്‍ മരിച്ചു

Web Desk
Posted on September 29, 2019, 12:04 pm

ലക്‌നൗ: ഉത്തരേന്ത്യയില്‍ നാലുദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ജനജീവിതം സ്തംഭിച്ചു. പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് 74 പേര്‍ മരിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യുപിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി ബിഹാറിലെ പട്‌നയിലും മഴയ്ക് ശമനമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് 13 ട്രെയിനുകള്‍ ഇന്ന് രാവിലെ റദ്ദാക്കി. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ബീഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 25 മലയാളികള്‍ കുടുങ്ങി. പാറ്റ്‌നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്.