Janayugom Online
heavy rain in kerala janayugom

വയനാട്ടില്‍ ദുരിതം വിതച്ച് കനത്തമഴ

Web Desk
Posted on July 12, 2018, 9:03 pm

കല്‍പറ്റ: വയനാട്ടില്‍ നാല് ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിക്കുന്നു.  ഇന്നലെ വൈകിട്ട് നാല് മണിക്ക് പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 72.7 മില്ലീമീറ്ററാണ് ഇവിടെ ലഭിച്ച ശരാശരി മഴ. വൈത്തിരി താലൂക്കില്‍ 60.6 മില്ലീമീറ്റര്‍,മാനന്തവാടി താലൂക്കില്‍ 123.1,സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 34.4 എന്നിങ്ങനെയാണ് ഇന്നലെ മഴ ലഭിച്ചത്. തോരാതെ പെയ്യുന്ന മഴയില്‍ ജില്ലയില്‍ നാശനഷ്ടങ്ങള്‍ കൂടുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി മഴ തുടരുന്ന സാഹചര്യത്തില്‍ 41 ദുരിതാശ്വാസക്യാംപുകളാണ് ജില്ലയില്‍ ഇതുവരെ തുറന്നത്. ഈ ക്യാംപുകളിലായി 2554 പേരുണ്ട്.രണ്ട് വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നിട്ടുണ്ട്.ആകെ 326 വീടുകളാണ് ഇതുവരെ കാലവര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്നത്. ഒമ്പത് വീടുകള്‍ പൂര്‍ണമായും നശിച്ചു.കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.2 എം എസ് എലാണ്. ബാണാസുര സാഗര്‍ ഡാമില്‍ 773.2 എം എസ് എല്‍ ആയി  ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 761.08 ആയിരുന്നു. ജില്ലയില്‍ നിന്നും അയല്‍ ജില്ലകളിലേക്ക് പോകുന്ന പ്രധാന പാതകളായ ചുരത്തിലൂടെയുള്ള യാത്രയും ദുഷ്‌ക്കരമായി കഴിഞ്ഞു.

റോഡ് ഇടിയുന്നത് മൂലം പേര്യ‑നെടുംപൊയില്‍ ചുരം വഴിയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. തലശ്ശേരി റോഡില്‍ പേരിയ വരയാല്‍ 41ല്‍ റോഡിലെ മണ്ണിടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാലാണ് ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതെന്ന് പി.ഡബ്ല്യു.ഡി ‑പൊലീസ് അധികൃതര്‍ വ്യക്തമാക്കി.ഇതിലൂടെ ബസ്സുള്‍ പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് കടന്നു പോകാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ ബുധനാഴ്ച വൈകു ന്നേരത്തോടെയാണ് റോഡ് ഇടിഞ്ഞ് താഴാന്‍ തുടങ്ങിയത്. തുടര്‍ന്ന് ക്വാറി വേസ്റ്റ് കൊണ്ട് വന്ന് റോഡില്‍ നിരത്തിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇവിടെ ടാങ്കര്‍ ലോറി കുടുങ്ങിയതോടെ വീണ്ടും റോഡ് അപകട ഭീഷണിയിലായ പശ്ചാത്തലത്തിലാണ് തീരുമാനം.റോഡിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളതും അപകടസാധ്യത ഇരട്ടിയാക്കുന്നു.

വയനാട് ചുരത്തിലെ സ്ഥിതിയും മറിച്ചല്ല.നേരത്തെ വന്‍തോതില്‍ മണ്ണിടിഞ്ഞ ചിപ്പിലിത്തോട് ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാകലക്ടര്‍ യു വി ജോസ് ചരക്കുവാഹനങ്ങള്‍ക്കും,മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി അതിശക്തമായ മഴയാണ് മാനന്തവാടി താലൂക്കില്‍ പെയ്തത്. വള്ളിയൂര്‍ക്കാവ്,പനമരം പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലാണ്. പുഴ കരകവിഞ്ഞൊഴുകി വയലുകളിലേക്കും റോഡിലേക്കും കയറിയതോടെ ഗതാഗതവും ദുഷ്‌ക്കരമായി കഴിഞ്ഞു.മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം സെന്റ് മേരിസ് ഗ്രാനൈറ്റ്‌സിന്റെ പരിസരത്ത് കനത്ത മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിലെ തുടര്‍ന്ന് സ്ഥാപനത്തിലെ അഞ്ച് ടിപ്പറുകള്‍ മണ്ണിനടിയിലായി. ആളുകള്‍ക്ക് ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ല.മണ്ണിടിച്ചിലുണ്ടായ സംഭവം മറച്ചു വെക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.ക്വാറിക്കും ക്വഷറിനും എതിരെ നിരവധി സമരങ്ങള്‍ നടന്നെങ്കിലും കോടതി ഉത്തരവിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. വൈത്തിരി താലൂക്കിലെ അഗതികേന്ദ്രമായ പിണങ്ങോട് പീസ് വില്ലേജില്‍ രണ്ടാമതും വെള്ളം കയറി. ഇടിയംവയലിലേക്കുള്ള കാവുമന്ദം പുഴക്കലില്‍ നിന്നുള്ള യാത്രയും റോഡില്‍ വെള്ളം കയറിയത് മൂലം പ്രതിസന്ധിയിലാണ്. അതേസമയം,കുറ്റ്യാടി ചുരത്തില്‍ മൂന്നാം വളവില്‍ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.കര്‍ണാടക മൈസുരു സ്വദേശിയായ കുമാര്‍ (45) ആണ് മരിച്ചത്. ലോറിയിലെ ക്ലീനര്‍ രവി പരുക്കുകളില്ലൊതെ രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.കുമാറിന്റെ മൃതദേഹം കുറ്റ്യാടി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കാരാപ്പുഴ,ബാണാസുര സാഗര്‍ എന്നിവിടങ്ങളിലെ ജലനിരപ്പും ഓരോ ദിവസം പിന്നിടുമ്പോഴും ഉയരുകയാണ്.മൂന്നാം ദിവസവും ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കല്‍പറ്റ‑പടിഞ്ഞാറത്തറ റോഡ് കനത്തമഴയില്‍ തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായി.നിരവധി സമരങ്ങളെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയിട്ട് അധികമാവാത്ത റോഡാണ് ഇപ്പോള്‍ പാടെ തകര്‍ന്നിരിക്കുന്നത്.ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.മഴ വീണ്ടും ശക്തമായി തുടര്‍ന്നാല്‍ വയനാട് പൂര്‍ണമായും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും.ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും ദുരിതാശ്വാസ ക്യാംപുകളെ പറ്റിയടക്കം നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്.