സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Web Desk

തിരുവനന്തപുരം

Posted on September 19, 2020, 8:20 am

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ടും മറ്റെല്ലാ ജില്ലകളിലും മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു.

- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ കാലവർഷക്കാറ്റ് ശക്തമാകും. കേരളാ തീരത്ത് 55 കിമീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. കാലവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സംസ്ഥാനത്ത് ഇതിനോടകം, ശരാശരിക്കും മുകളിലാണ് മഴ ലഭിച്ചത്. -

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ താഴന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതകളുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.