മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

Web Desk
Posted on September 20, 2019, 10:13 pm

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കേരളത്തിന് സഹായകരമായ വിധത്തില്‍ കൂടുതല്‍ പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ഇതിന്റെ പതിന്‍മടങ്ങ് പണം ലഭിച്ചെങ്കില്‍ മാത്രമേ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ റവന്യു മന്ത്രിക്കൊപ്പം പങ്കെടുത്തു.

2018ലെ പ്രളയ ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കേരളത്തെ ദുരന്തം ബാധിച്ചതെന്ന് മന്ത്രിമാര്‍ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തി. കൃഷി, ജലസേചനം, റോഡ്, വൈദ്യുതി എന്നിവയുടെയെല്ലാം നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേകമായി കേന്ദ്രസംഘത്തിന് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സംഭവിച്ച കവളപ്പാറയും പുത്തുമലയും സംഘം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതായി അവര്‍ യോഗത്തില്‍ അറിയിച്ചു. ഈ മാസം 16 നാണ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി പ്രകാശിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം എത്തിയത്. ഇവര്‍ രണ്ടു ടീമുകളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. ഒരു സംഘം മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളും മറ്റൊരു സംഘം എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളും സന്ദര്‍ശിച്ചു. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, ടി കെ ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ദുരന്ത നിവാരണം മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.