ശക്തമായ കാറ്റിലും മഴയിലും ഭിത്തി ഇടിഞ്ഞു വീണ് യുവാവ് മരിച്ചു

Web Desk
Posted on April 29, 2019, 10:41 pm

കൊട്ടാരക്കര: മൈലം അന്തമണില്‍ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇഷ്ടിക കമ്പനി ഉടമ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്.
മണ്ണടി ദാറുല്‍ സലാമില്‍ മുഹമ്മദ് ബിലാല്‍ (ഷിനു26) ആണ് മരിച്ചത്. ഇഷ്ടിക കമ്പനി ഉടമ രാധാകൃഷ്ണ പിള്ള (52), ശരണ്‍ (30), അന്യസംസ്ഥാന തൊഴിലാളിയായ വിപ്ലബ് (20) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിപ്ലബിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ കലയപുരം അന്തമണിലായിരുന്നു സംഭവം. ചുടുകട്ട കമ്പനിക്ക് തൊട്ടടുത്ത പുരയിടത്തില്‍ തടി മുറിക്കാനെത്തിയ ആളായിരുന്നു ഷിനു എന്നു വിളിക്കുന്ന മുഹമ്മദ് ബിലാല്‍. ശക്തമായ മഴയും കാറ്റും വന്നതോടെ ചുടുകട്ട ചൂളയിലേക്ക് ഓടിക്കയറിയതായിരുന്നു ഷിനു. ഇതിനിടയില്‍ ഇഷ്ടിക കമ്പനിയുടെ മേല്‍കൂരയും ഭിത്തിയും ഇടിഞ്ഞു വീഴുകയായിരുന്നു.