കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി; പുത്തുമലയിലും തിരച്ചില്‍ തുടരുന്നു

Web Desk
Posted on August 14, 2019, 10:42 am

കോഴിക്കോട്: പ്രകൃതി ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 24 ആയി. 35 പേരെയാണ് ഇനിയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്ളത്. രാവിലെ ഇടവിട്ട് ഉണ്ടായ മഴ മൂലം കവളപ്പാറയിലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. രാവിലെ 10.20 ഓടെ തിരച്ചില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്.
സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് രാവിലെ മഴ ശക്തമായത്. തിരച്ചില്‍ പുനരാരംഭിച്ചതോടെ വിദഗ്ധ സംഘവും രംഗത്തുണ്ട്.

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 96 ആയി.

അതേസമയം വയനാട് പുത്തുമലയില്‍ രാവിലെ മുതല്‍ മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഏഴ് പേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. ഏഴ് മൃതദേഹങ്ങളുടെയും സ്ഥാനം വിദഗ്ധന്റെ സഹായത്തോടെ നിര്‍ണ്ണയിച്ച് പ്രത്യേക ഭൂപടം തയ്യാറാക്കി തെരച്ചില്‍ നടത്തുന്ന പ്രവൃത്തിയാണ് രാവിലെ മുതല്‍ തുടങ്ങിയിട്ടുള്ളത്.

പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കോഴിക്കോട് നിന്നുള്ള വിദഗ്ധന്‍ പ്രകാശന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിലെ ഭൂപടം തയ്യാറാക്കി തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്.

അതിനിടെ പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല സോയില്‍ പൈപ്പിങിന്റെ ഭാഗമായുണ്ടായ അതിശക്തമായ മണ്ണിടിച്ചിലെന്നാണ് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശവും വന്നു. അടിക്കടിയുളള ഉരുള്‍പൊട്ടലില്‍ കേരളത്തില്‍ ഭൂമിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് ജിഎസ്‌ഐ വിശദമായ പഠനം നടത്തും. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തില്‍ ചെറുതും വലുതുമായി അയ്യായിരത്തോളം ഉരുള്‍പൊട്ടലുണ്ടായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം രണ്ട് ദിവസം കൊണ്ട് മാത്രം 80ലേറെ ഉരുള്‍പൊട്ടലുണ്ടായി. ഇതില്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് വന്‍ ദുരന്തമാണ്. മഹാപ്രളയശേഷം 12 ജില്ലകളിലെ 1943 സ്ഥലങ്ങളിലാണ് ജിഎസ്‌ഐ പഠനം നടത്തിയത്.