September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 21, 2022
September 13, 2022
September 11, 2022
September 10, 2022
September 9, 2022
September 8, 2022
September 8, 2022

കേരളത്തിൽ അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
September 20, 2020 8:11 am

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ റെഡ് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കേരള — കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. റെഡ്-ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി പ്രത്യേക നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. മൂന്ന് സംഘത്തെ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലായിരിക്കും ഇവരെ നിയോഗിക്കുക. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്രസേനകളെല്ലാം തയ്യാറാകുവാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry: Red alert in Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.