20 April 2024, Saturday

മഴക്കെടുതി; മൂന്ന് മരണം

Janayugom Webdesk
കോഴിക്കോട്/തിരുവനന്തപുരം
October 12, 2021 11:04 pm

സംസ്ഥാനത്ത് ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. ആൾനാശവും കൃഷിനാശവും ഉണ്ടായി. വടക്കൻ കേരളത്തിലാണ് കൂടുതൽ കെടുതികൾ. സംസ്ഥാനത്ത് താലൂക്ക്, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു. എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കളക്ടർമാർക്ക് റവന്യു മന്ത്രി കെ രാജന്‍ നിർദ്ദേശം നൽകി.

ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചു. തൃശൂർ, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നത്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവർത്തന രംഗത്തുണ്ട്. സംസ്ഥാനത്ത് 27 ക്യാമ്പുകളിലായി 622 പേരെ മാറ്റിപ്പാർപ്പിച്ചു. അപകട സാധ്യതയുള്ള എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു.

വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ പലയിടത്തും വെള്ളം കയറി. കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് പലയിടത്തും ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ നഗരത്തിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ജില്ലയിലെ പുഴകളിലും ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പാലക്കാട് ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസം 107.867 മി. മി മഴയാണ് ജില്ലയിൽ ലഭിച്ചത്. ശക്തമായ മഴയിലും ഉരുൾപൊട്ടലിലും അട്ടപ്പാടി ചുരം റോഡിൽ മരങ്ങളും പാറയും വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നെന്മാറ, ചിറ്റൂർ, ആലത്തൂർ മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി.

മലപ്പുറത്തും വിവിധയിടങ്ങളിൽ ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും റോ‍ഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തീരപ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. മൂന്ന് താലൂക്കുകളില്‍ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. കണ്ണൂരിൽ ശക്തമായ മഴയെത്തുടർന്ന് ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കൊല്ലത്ത് മഴ കനത്തതോടെ പിറവന്തൂര്‍ മുള്ളുമലയില്‍ ഉരുള്‍ പൊട്ടി. മലയോര ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. അച്ചന്‍കോവിലാറും കല്ലടയാറും തോടുകളും കനാലുകളും നിറഞ്ഞൊഴുകി. അച്ചന്‍കോവില്‍ വളയം ഭാഗത്ത് ചപ്പാത്തിന്റെ അടിഭാഗം ഒലിച്ചുപോയി. ഉറുകുന്നില്‍ റയില്‍പാളത്തില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കല്ലട ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.

കനത്ത മഴയിൽ കുട്ടനാട് മേഖലയിലെ മടവീഴ്ചയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഏഴ് പാടശേഖരങ്ങളില്‍ പൂർണമായും എട്ട് പാടശേഖരങ്ങളില്‍ ഭാഗികമായും മടവീണു. ആകെ 852.4 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു. കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. ചോനാരിയിൽ മുഹമ്മദ് കുട്ടിയുടെ മകൾ സുമയ്യയുടെയും അബൂബക്കറിന്റേയും മക്കളായ എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.

മൃതദേഹങ്ങള്‍ മാതാംകുളം പുന്നത്ത് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് ഖബറടക്കി. കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാൻ റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

കൊല്ലത്ത് അംഗപരിമിതനായ വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു. തെന്മല നാഗമലയില്‍ ഗോവിന്ദരാജ്(65) ആണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് റോഡിന് കുറുകെയുള്ള ചപ്പാത്ത് മുറിച്ചുകടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

 

Eng­lish Sum­ma­ry: Heavy rain, three death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.