Janayugom Online
kuthiran urulpottal janayugom

കനത്ത മഴയില്‍ പതറി തൃശൂര്‍

Web Desk
Posted on August 17, 2018, 12:31 am

തൃശൂര്‍: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ പതറി തൃശൂര്‍ ജില്ല. മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു പ്രളയ പേമാരി മഴയുടെ തീവ്രത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഒരു ദിവസത്തെ റെഡ് അലര്‍ട്ട് ജില്ലയില്‍ പ്രഖ്യാപിച്ചത്. നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു. മഴ രണ്ട് ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പീച്ചി, ചിമ്മിനി, ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതവും, പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ 25 ഇഞ്ച് വീതവും, വാഴാനി ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റി മീറ്ററും ഉയര്‍ത്തി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഡാമുകളില്‍ നിന്ന് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുഴകളില്‍ വെള്ളം കൂടുതല്‍ ഉയര്‍ന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളക്കെട്ടിലായി. ചാലക്കുടി പുഴ പലഭാഗങ്ങളിലും കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് സ്ഥിതി രൂക്ഷമായി. ഇതേ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. ചാലക്കുടി താലൂക്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇരുന്നുറോളം പേരെ മാറ്റിപാര്‍പ്പിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ മന്ത്രി എ.സി.മൊയതിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കൊടുങ്ങല്ലൂര്‍ താലൂക്കിലും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഭാരതപ്പുഴ, കേച്ചേരിപ്പുഴ എന്നിവിടങ്ങളില്‍ കരകവിഞ്ഞൊഴുകി. ജില്ലയിലെ ഡാമുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
എരുമപ്പെട്ടി: കനത്ത മഴയില്‍ എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കുട്ടഞ്ചേരി പ്രദേശത്ത് ഏഴ് വീടുകളിലും നിസ്‌ക്കാര പള്ളിയിലും വെള്ളം കയറി. തോട്ടുപാലത്തിന് സമീപം താമസിക്കുന്ന കാങ്കലാത്ത് മണികണ്ഠന്‍, പതിയപറമ്പില്‍ അപ്പുകുട്ടന്‍ , ആളൂര് ജോസ്, നെല്ലിക്കുന്ന് ബിജു, കൊട്ടേക്കാട്ട് വീട്ടില്‍ അബൂബക്കര്‍, സിദ്ദീഖ്, മുഹമ്മദ് എന്നിവരുടെ വീടുകളിലും നൂറുല്‍ഹുദ നിസ്‌ക്കാര പള്ളിയിലും മദ്രസയിലുമാണ് വെള്ളം കയറിയത്. നെല്ലുവായ് ഗ്രാമീണ വായന ശാലയിലും വെള്ളം കയറി. മേഖലയിലെ പല റോഡുകളിലും രൂക്ഷമായ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. വടക്കാഞ്ചേരി കേച്ചേരി പുഴ പല പ്രദേശങ്ങളിലും കര കവിഞ്ഞൊഴുകുന്നതിനാല്‍ പരിസര വാസികള്‍ ആശങ്കയിലാണ് .മഴയില്‍ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ചേലക്കര: കനത്ത മഴയെ തുടര്‍ന്ന് ചേലക്കരയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട്. ചേലക്കര മെയിന്റോഡില്‍ പൊതുപ്പാലത്തിനു സമീപം തോട്ടില്‍നിന്നും വെള്ളം കയറി പാടവും റോഡും നിറഞ്ഞൊഴുകുകയാണ്. വെങ്ങാനെല്ലൂര്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കിള്ളിമംഗലത്തു കോടങ്ങാട്ടില്‍ സുനിലിന്റെ വീടിനോടു ചേര്‍ന്ന് മണ്ണിടിഞ്ഞത് വീടിനു ഭീഷണിയായി. ചീരക്കുഴി ഡാം നിറഞ്ഞു ഷട്ടറിനുമുകളിലൂടെ വെള്ളമൊഴുകുകയാണ്. ഡാമിന് സമീപത്തുള്ള കനാല്‍ നിറഞ്ഞൊഴുകി കനാലിന്റെ ഷട്ടറുകളിലൊന്ന് ഒഴുകിപ്പോയി. പഴയന്നൂര്‍ ടൗണും വെള്ളക്കെട്ടിലായി. ചേലക്കര ലൈസിയം കോളേജ് പരിസരത്തെ അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ചേലക്കര സെന്റ്‌ജോര്‍ജ് യാക്കോബായ പള്ളിമിട്ടത്തും ഡിവൈന്‍ പ്രസ്സിലും വെള്ളം കയറി. ഭാരതപ്പുഴയും ഗായത്രിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.
ചാലക്കുടി: ചാലക്കുടിയില്‍ വെള്ളപ്പൊക്കം. ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം താത്ക്കാലികമായി നിരോധിച്ചു. പതിനെട്ട് മണിക്കൂറിനുള്ളില്‍ നാല് തവണയാണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. നിലവില്‍ 60 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ 24 മണിക്കൂറുകളും തുറന്നു പ്രവര്‍ത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ചാലക്കുടി റസ്റ്റ് ഹൗസില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന അവലോകന പ്രവര്‍ത്തന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസങ്ങള്‍ക്ക് ആവശ്യമായ തുക പെട്ടെന്ന് തന്നെ അനുവദിക്കണം. ദുരിശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം ഉറപ്പുവരുത്തണം. കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കണം. പോലീസ് പട്രോളിങ്ങ് കൃത്യമായി നടത്തണമെന്നും മന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് ഓഫീസുകള്‍ വഴി ജനങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പുകള്‍ നല്‍കണം. ക്യാമ്പുകളില്‍ ആളുകള്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. സംസ്ഥാനത്തിന്റെ ഒരു ഡാമിനും സുരക്ഷാ ഭീഷണിയില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യമായ ഭീതി പടര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതലായി ഉയര്‍ത്തി. പുഴയോര നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. വാഴാനി ഡാം ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് അസാധാരണമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണ്.