8 October 2024, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് കനത്ത മഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
August 17, 2024 10:03 pm

സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ഇന്ന് സംസ്ഥാനത്തെ 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. 

ചക്രവാതച്ചുഴി മുതൽ കോമറിൻ മേഖല വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദപ്പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത അഞ്ചു ദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കേരള, ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 

നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം 

തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാൽ വിവിധ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് കേന്ദ്ര ജലകമ്മിഷൻ ജാഗ്രതാ നിർദേശം നൽകി. മണിമല നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ജലകമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. 

മഴ — കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഓഗസ്റ്റ് 21 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം ഓഗസ്റ്റ് ‑21 വരെ നിരോധിച്ചു..

മലയോരമേഖലയിൽ രാത്രിയാത്രയും നിരോധിച്ചു 

ഈരാറ്റുപേട്ട‑വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര ഓഗസ്റ്റ് — 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.