Web Desk

കോഴിക്കോട്:

October 12, 2021, 3:31 pm

ജില്ലയിൽ കനത്ത മഴ: നഗരം വെള്ളക്കെട്ടിൽ, ക്യാമ്പുകൾ തുറന്നു

Janayugom Online

 

 

ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ കനത്ത നാശം വിതച്ചു. നഗരത്തിലും നാട്ടിൻ പുറങ്ങളിലും മഴ തുടരുകയാണ്. നഗരത്തിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിലായി. പാലാഴി, പുതിയപാലം, മാവൂർ റോഡ്, സ്റ്റേഡിയം തുടങ്ങി പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂർ റോഡിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും ഓവുചാലും തോടുകളും നിറഞ്ഞൊഴുകി. പലഭാഗത്തും മതിലിടിഞ്ഞു. ബീച്ച് റോഡിലും സമീപ പ്രദേശത്തും വലിയ വെള്ളക്കെട്ടാണുള്ളത്. കനത്തമഴയിൽ നഗരത്തിലെ പല പ്രദേശങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. മുണ്ടിക്കൽ താഴം, തടമ്പാട്ട് താഴം, കക്കോടി, ചേളന്നൂർ തുടങ്ങി ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളം കയറിയതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ കനത്ത് റോഡുകൾ മുങ്ങിയതോടെ പല റൂട്ടുകളിലും ബസ് സർവ്വീസുകളും നിലച്ചു. ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണു മാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റിയിട്ടുണ്ട്. കളത്തിങ്കൽ ഷഹീദിന്റെ വീടിന് മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. മാത്തറ-കളത്തിങ്കൽ റോഡിലായിരുന്നു അപകടം.

കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു പി സ്കൂൾ, വേങ്ങേരി യു പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി എം യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. വെള്ളം ഉയർന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യത്തിന് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യത്തിന് ക്യാമ്പുകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. നഗരങ്ങളിൽ വെള്ളം കയറിയ സ്ഥലങ്ങൾ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കലക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മൂഴിക്കലിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായാൽ രക്ഷപ്രവർത്തനങ്ങൾക്ക് ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ് വിഭാഗങ്ങൾ സജ്ജമാണ്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജലാശയങ്ങളിൽ ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കും. പഞ്ചായത്തുകൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കാൻ തയ്യാറാവണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി ആളുകൾ നഗരത്തിൽ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ സ്വയം നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. അതേസമയം പ്രളയ സാധ്യതയില്ലെന്നും നാലു ദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കൊയിലാണ്ടി താലൂക്കിൽ വിയ്യൂർ, തുറയൂർ, ചെങ്ങോട്ടുകാവ്, പയ്യോളി, ചേമഞ്ചേരി വില്ലേജുകളിലും വെള്ളം കയറിയിട്ടുണ്ട്. ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ഒരുക്കങ്ങൾ സ്വീകരിച്ചുവരുന്നതായി തഹസിൽദാർ അറിയിച്ചു. വടകര താലൂക്കിൽ നടക്ക് താഴെ വില്ലേജിൽ പാലോളി പാലത്തിന് സമീപം വെള്ളം കയറിയിട്ടുണ്ട്. ആളുകളെ ക്യാമ്പിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ഒരുക്കങ്ങൾ സ്വീകരിച്ചുവരുന്നതായി തഹസിൽദാർ അറിയിച്ചു. യോഗത്തിൽ ജില്ലാ പോലീസ് മേധാവികളായ എ. വി ജോർജ്ജ്, ഡോ. എ ശ്രീനിവാസ്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് ‑0495 2372966,കൊയിലാണ്ടി- 0496 2620235,വടകര- 0496 2522361,താമരശ്ശേരി- 0496 2223088,ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002.ടോൾഫ്രീ നമ്പർ — 1077.