പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് കേരളത്തിന്‍റെ കൈത്താങ്ങ്

Web Desk
Posted on September 29, 2019, 5:01 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്‌നയില്‍ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങള്‍ക്കിടയില്‍ നാല്പതിലേറെ പേര്‍ മരണപ്പെട്ടു. മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച വിവരം.

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത പ്രതികരണ സേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. യുപിയിലെയും ബിഹാറിലെയും അധികൃതരുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്,
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

YOU MAY ALSO LIKE…