ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; കേരളത്തില്‍ അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യത

Web Desk
Posted on June 11, 2019, 8:38 am

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ച രാവിലെയോടെ ചുഴലിക്കാറ്റായിമാറും. ‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്തമഴയും കാറ്റും നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 85 കിലോമീറ്റര്‍വരെയാവും. 13ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.