പാലക്കാട്ട് കനത്ത മഴ തുടരുന്നു, ഉരുള്‍പൊട്ടലിന് സാധ്യത

Web Desk
Posted on August 13, 2018, 3:33 pm

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ഡാമുകളിലെ ജല നിരപ്പ് ഉയരുന്നു. മലമ്പുഴ, വാളയാര്‍, ചുള്ളിയാര്‍ ഡാമുകളില്‍ ജലനിരപ്പ് അപായകരമായ രീതിയില്‍ ഉയര്‍ന്നു തുടങ്ങിയതായി അതാത് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ 30 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തിയതോടെ കല്‍പ്പാത്തി പുഴയിലൂടെ വന്‍ ജലപ്രവാഹമായി. 154 ഘന മീറ്റര്‍  സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ ഡാമിലെ ജലനിരപ്പ് 153.08 ഘനമീറ്റര്‍ ആയി ഉയര്‍ന്നതോടെ രണ്ടാമത്തെ മുന്നിറിയിപ്പും നല്‍കി. ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ തുറന്നു വിടുമെന്നാണ് കരുതുന്നത്. ആയതിനാല്‍ ഗായത്രി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒലവക്കോട്ടെ ഐശ്വര്യനഗര്‍, ആര്‍ കെ നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി തുടങ്ങി. മലമ്പുഴ ഭാഗത്ത് ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഉരുള്‍ പൊട്ടുന്നതിന്‍റെ സൂചനയായുള്ള ഇടി മുഴക്കവും മിന്നലുമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

വീട് ഇടിഞ്ഞു താണു

കരിമ്പുഴ മലഞ്ചറ എരുമച്ചാ തടത്തില്‍ മത്തായി- എലിയാമ്മ ദമ്പതിമാരുടെ വീടിനടുത്ത കിണര്‍ ആള്‍മറ സഹിതം ഇടിഞ്ഞ് വീണു.  മാരക രോഗം പിടിപെട്ട് ഭാര്യയും ഭര്‍ത്താവും തനിച്ചാണ് താമസം. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് കരിമ്പുഴ സി പി ഐ ബ്രാഞ്ച് യോഗം ആവശ്യപെട്ടു.