ഹൂസ്റ്റണില്‍ കനത്ത മഴ: ‘ഹൗഡി മോഡി’ ആശങ്കയില്‍

Web Desk
Posted on September 20, 2019, 11:11 am

ഹൂസ്റ്റണ്‍: ഞായറാഴ്ച മോഡി പങ്കെടുക്കാനിരിക്കുന്ന ‘ഹൗഡി മോഡി’ യെന്നവന്‍ റാലി അനിശ്ചിതത്വത്തില്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക ഉടലെടുത്തിരിക്കുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ടെക്‌സസിന്റെ പല ഭാഗങ്ങളിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ദക്ഷിണ പൂര്‍വ ടെക്‌സസില്‍ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ പൂര്‍വ ടെക്‌സസിലെ 13 കൗണ്ടികളിലാണ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായി മഴ പെയ്ത ചിലയിടങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫോര്‍ട്ട് ബെന്‍ഡ്, ഹാരിസ്, ഗാല്‍വെസ്റ്റണ്‍ തുടങ്ങിയ കൗണ്ടികളില്‍ മണിക്കൂറില്‍ മൂന്ന് ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഹൗഡി മോഡിയുടെ സംഘാടകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിപാടി മാറ്റി വയ്‌ക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് അവരുടെ വിശദീകരണം. പരിപാടി ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു അനുഭവമാകുമെന്നും ഇവര്‍ പറഞ്ഞു.

പരിപാടി വന്‍വിജയമാക്കാന്‍ 1500 പേര്‍ സദാ സന്നദ്ധരായി രംഗത്തുണ്ടെന്ന് മുഖ്യ സംഘാടകന്‍ അചലേഷ് അമര്‍ പറഞ്ഞു. ഞായറാഴ്ചയാണ് പരിപാടി. മോഡി ഇതിനകം തന്നെ അമേരിക്കയിലേക്ക് തിരിച്ച് കഴിഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുറമെ ഗവര്‍ണര്‍മാര്‍, പാര്‍ലമെന്റംഗങ്ങള്‍, മേയര്‍മാര്‍ തുടങ്ങി നിരവധി അമേരിക്കന്‍ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.