25 April 2024, Thursday

Related news

March 18, 2024
March 16, 2024
March 16, 2024
March 15, 2024
March 14, 2024
March 7, 2024
March 4, 2024
March 1, 2024
February 29, 2024
February 16, 2024

കനത്തമഴ: കോട്ടയത്ത് മാത്രം 63 ലക്ഷം രൂപയുടെ റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നശിച്ചതായി മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
October 24, 2021 5:16 pm

കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ ഉരുൾപൊട്ടലും തുടർന്നുണ്ടായ പ്രളയവും മൂലം ജില്ലയിൽ വിവിധയിടങ്ങളിലായി 63 ലക്ഷത്തോളം രൂപയുടെ റേഷൻ ഉൽപ്പന്നങ്ങൾ നശിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അടിയന്തിരമായി റേഷൻവിതരണം പുനസ്ഥാപിക്കുന്നതിനും റേഷൻ കാർഡ് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തിരമായി കാർഡ് ലഭിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി പ്രളയ ബാധിത പ്രദേശത്ത് റേഷൻ വിതരണത്തിന് തടസമുണ്ടാകാത്ത വിധം മൊബൈൽ റേഷൻഷോപ്പുകൾ അടക്കം പ്രവർത്തിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 16ന് ജില്ലയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും കാഞ്ഞിരപ്പള്ളി താലൂക്കിലാണ് നഷ്ടം ഏറെ സംഭവിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 റേഷൻകടകളിലയുെം മീനച്ചിൽ താലൂക്കിലെ 4 റേഷൻ കടകളിലെയും ചങ്ങനാശേരി താലൂക്കിലെ രണ്ട് റേഷൻകടകളിലെയും ഉൾപ്പെടെ 19 കടകളിലെ റേഷൻ ഉൽപ്പന്നങ്ങൾ പ്രളയത്തിൽ നശിച്ചു . ഈ കടകളിൽ നിന്നെല്ലാമായി ഏകദേശം 1,33 847 കിലോ അരിയാണ് പ്രളയത്തിൽ ഉപയോഗയോഗ്യമല്ലാതായത്. 950 ലിറ്റർ മണ്ണെണ്ണയും, 18843 കിലോ ഗോതമ്പും, 8089 കിലോ ആട്ടയും, 826 കിലോ പഞ്ചസാരയും പ്രളയത്തിൽ നശിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. 62, 83, 949 രൂപയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി താലൂക്കിലാണ് നഷ്ടമേറെ. താലൂക്കിലെ ഇടക്കാനം, മുണ്ടക്കയം, എരുമേലി നോർത്ത്, എരുമേലി സൗത്ത്, കാഞ്ഞിരപ്പളളി, ചിറക്കടവ് വില്ലേജുകളിലെ റേഷൻകടകളിലെ ഭക്ഷ്യവസ്തുക്കളാണ് നശിച്ചത്. 40,510,26 രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, മൂന്നിലവ് വില്ലേജുകളിലായി 10,18,392 രൂപയുടെ നഷ്ടമുണ്ടായി. ചങ്ങനാശേരി താലൂക്കിലെ വെള്ളാവൂരിൽ 12,18,450 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

സംഭവത്തെ തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കടകളിൽ സ്റ്റോക്ക് വേരിഫിക്കേഷൻ അടക്കം പൂർത്തിയാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെയും കളക്ടറുടെയും നേതൃത്വത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കടയുടമകൾക്ക് അവിടെ സ്റ്റോക്കുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിനനുസരിച്ച് ഉള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ കടകൾ കൂടാതെ രണ്ട് മാവേലി സ്റ്റോറുകളും പ്രളയത്തിൽ നശിച്ചരുന്നു. രണ്ടിടത്തും മൊബൈൽ മാവേലി സ്റ്റോറുകൾ ആ പ്രദേശത്ത് സ്ഥാപിച്ച് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാനുള്ള സംവിധാനം ഉറപ്പാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഇക്കാര്യം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മണിമല പ്രദേശത്ത് സംവിധാനം നിലവിൽ വന്നതായും മന്ത്രി അറിയിച്ചു.

നാശനഷ്ടം സംഭവിച്ച കടകൾ വൃത്തിയാക്കി പുതിയ സ്റ്റോക്കെടുക്കാൻ കഴിയുന്ന കടകളിൽ ഇന്ന് തന്നെ സ്റ്റോക്കെടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ശുചീകരണ പ്രവർത്തനം നടത്താൻ കഴിഞ്ഞിട്ടില്ലാത്ത ഇടങ്ങളിൽ ആ റേഷൻകട മൊബൈൽ റേഷൻ ഷോപ്പായി പ്രവർത്തിപ്പിക്കും. റേഷൻകാർഡ് ഉടമകൾക്ക് ഈ മൊബൈൽ ഷോപ്പുകളിൽ നിന്നും അരിയും മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാക്കും.

റേഷൻകാർഡ് നഷ്ടപ്പെട്ടവർക്ക് ബന്ധപ്പെട്ട റേഷൻകടകളിലൂടെയോ താലൂക്ക് സപ്ലൈഓഫീസുകൾ വഴിയോ വിവരം അറിയിച്ചാൽ അടിയന്തിരമായി കാർഡ് ലഭ്യമാക്കും. കഴിഞ്ഞ ദിവസം തന്നെ ഏതാനും പേർക്ക് കാർഡ് ലഭ്യമാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്ക് കാർഡ് അടിയന്തിരമായി നൽകും. റേഷൻ വിതരണത്തിന് തടസ്സമുണ്ടാവാതെ മൊബൈൽറേഷൻ ഷോപ്പുകൾ പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: Heavy rains: Ration prod­ucts worth Rs 63 lakh destroyed in Kot­tayam alone: ​​Min­is­ter GR Anil

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.