28 March 2024, Thursday

Related news

March 26, 2024
March 24, 2024
March 24, 2024
March 22, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ റെ‍ഡ് അലർട്ട്

സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി
Janayugom Webdesk
തിരുവനന്തപുരം
August 2, 2022 10:45 am

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

മിന്നൽപ്രളയമടക്കമുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് ഡാമുകൾ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്ത് ഭൂതത്താൻകെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങൽക്കുത്ത്, തൃശൂരിൽ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളുമാണ് ഉയർത്തിയത്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് നാല് പേരാണ് മരിച്ചത്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃ‍തദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്ലീനയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

കണ്ണൂരിൽ മലയോര മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിൻറെ ശക്തി കുറഞ്ഞു.

Eng­lish summary;Heavy rains; Red alert in 10 dis­tricts of the state

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.