Janayugom Online
rain alert kerala

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരും

Web Desk

കൊച്ചി 

Posted on August 08, 2019, 4:18 pm

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിളിലാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , കണ്ണൂര്‍ ‚കാസര്‍ഗോഡ് എന്നീ ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എട്ടുമുതല്‍ 11ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഛത്തീസ്ഗഡ് ഭാഗത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. 12ാം തിയതി വരെ ഈ സ്ഥിതി തുടരും.