Thursday
27 Jun 2019

ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുന്നു

By: Web Desk | Wednesday 12 June 2019 9:51 PM IST


sun

ന്യൂഡല്‍ഹി:  ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരുന്നു. വരുംദിവസങ്ങളിലും ഡല്‍ഹിയടക്കം 48 ഡിഗ്രി താപനിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. രാജസ്ഥാന്‍, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
യുപിയിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനിര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍ എന്നിവടങ്ങളിലും കനത്ത ചൂടാണ്. ഈ മേഖലകളിലെ നദികളെല്ലാം വറ്റി വരണ്ടു.

ഇന്നലെ ചുട്ടു പൊള്ളുന്ന ചൂടില്‍ ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസ് ട്രെയിനില്‍ നാലു യാത്രക്കാര്‍ മരിച്ചിരുന്നു. ദല്‍ഹിയില്‍ റിക്കാര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതാദ്യമായി ദല്‍ഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതേസമയം രാജസ്ഥാനാണ് ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടിയ നിലവിലെ സ്ഥലം. 51 ഡിഗ്രി സെല്‍ഷ്യസ് വരെ രാജസ്ഥാനി ചുരു ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.
ഈ മാസം ഇത് നാലാം തവണയാണ് ചൂട് അന്‍പത് ഡിഗ്രി കടക്കുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉഷ്ണതരംഗത്തിന്റെ തീവ്രത ഇനിയും വര്‍ധിക്കാനും ഇടയുണ്ടെന്നാണ് കരുതുന്നത്. മണ്‍സൂണിന് മുന്നോടിയായുള്ള പൊടിക്കാറ്റും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ രൂപപ്പെടാനിടയുണ്ട്.