കെ.എ. സൈനുദ്ദീൻ

കോതമംഗലം

February 17, 2020, 6:11 pm

കനത്തചൂടിൽ നട്ടം തിരിഞ്ഞ് മനുഷ്യരും മൃഗങ്ങളും

Janayugom Online
വേനൽ കടുത്തതോടെ പൂയംകുട്ടി പുഴയിൽ കുട്ടംമ്പുഴ സത്രപ്പടിയിൽ കാട്ടാനക്കൂട്ടം നീരാട്ടിനെത്തിയപ്പോൾ

കനത്ത ചൂടിൽ നട്ടം തിരിഞ്ഞ് ഉരുകുന്ന മനുഷ്യരും കുടിവെള്ളം പോലും ലഭിക്കാത്തതിനാൽ കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങളും പൊരിവെയിലിൽ കാട്ടുതീ പടരുന്നതും വേനൽ ചൂടിന്റെ കാഠിന്യം ഏറുന്നതിന് തെളിവാകുന്നു. ജലലഭ്യത കുറഞ്ഞതോടെ കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളും ചൂടിന്റെ അളവ് വർദ്ധിച്ചത് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില കൂടിയത് 39 — 40, കുറഞ്ഞത് 20–22 ഡിഗ്രി സെൽഷ്യസ് എന്നതാണ് ഔദ്യോഗിക കണക്ക്. എന്നാൽ തന്റെ 93 വയസിനിടയിൽ ഏറ്റവും വലിയ ചൂടും പുകച്ചിലുമാണ് ഇപ്പോൾ പകലും രാത്രിയും അനുഭവിക്കുന്നതെന്ന് കോതമംഗലം പുതുപ്പാടി ചിറപ്പടി അബഴച്ചാലിൽ (പാലക്കോട്ട് )പി.കെ വർഗീസ്പറഞ്ഞു. വേനൽ ആരംഭിച്ചതോടെ ആഹാരശീലങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും കഴിഞ്ഞാൽ ശരീരത്തിന് കുറെയൊക്കെ ആശ്വാസമാകുമെന്നും വർഗീസ് ചേട്ടൻ പറഞ്ഞു. കടുത്ത വേനലിൽ  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമയം ക്രമീകരിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും പലയിടത്തും പാലിക്കാറില്ല. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഉച്ച സമയങ്ങളിൽ സഞ്ചരിക്കുന്നവർ കുട ഉപയോഗിക്കണമെന്നും കഴിയുന്നതും യാത്ര ഉപേക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശമുണ്ടെങ്കിലും പലരും ഇത് ഗൗനിക്കാറുമില്ല.

അയൽ സംസ്ഥാന തൊഴിലാളികൾ രാവിലെ 8ന് ജോലിക്ക്  ഇറങ്ങിയാൽ വൈകിട്ട് 6 മണി വരെ ജോലി ചെയ്യണം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള സമയം മാത്രമെ ചിലർ വിശ്രമത്തിനായി നൽകുകയുള്ളുവെന്ന് അയൽ സംസ്ഥാന തൊഴിലാളി പറഞ്ഞു. കിണറുകളിലുംകുളങ്ങളിലും പുഴകളിലും ജലനിരപ്പു വളരെ താഴ്ന്ന സ്ഥിതിയാണ്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കാൽനടയായും വാഹനങ്ങളിലും കുളിക്കാനും തുണി കഴുകുവാനും കിലോമീറ്ററുകൾ സഞ്ചരിച്ച് പുഴകളിലേക്ക് പോകുന്ന കാഴ്ച ഏറെയിരിക്കുന്നു.

നേര്യമംഗലത്തുണ്ടായ കാട്ടുതീ ഫയർഫോഴ്‌സ് സംഘം കെടുത്തുന്നു

വേനൽ കടുത്തതോടെ ദേശീയ പാതയോരങ്ങളിലും നാട്ടിൻ പുറങ്ങളിലും നിരവധി താൽക്കാലിക ദാഹശമന കേന്ദ്രങ്ങൾ നിരന്നു കഴിഞ്ഞു. കരിമ്പിൻ ജൂസ്, തണ്ണി മത്തൻ ജൂസ് എന്നീ ശീതളപാനീയങ്ങളും കരിക്ക് വിൽപ്പന കേന്ദ്രങ്ങളുമാണ്  തുറന്നിട്ടുള്ളത്. റോഡരികുകളിൽ തണ്ണി മത്തൻ വാഹനയാത്രക്കാരുടെ ശ്രദ്ധയാകർഷിക്കാൻ കുന്നു പോലെയാണ് കൂട്ടിയിട്ടിരിക്കുന്നത് വേനൽക്കാലം തുടങ്ങിയതോടെ പാൽ, ഐസ് ക്രീം ഉൽപ്പന്നങ്ങളുട വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായതായി മിൽമ കൊച്ചി മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. വേനൽ കടുത്തതോടെ കോതമംഗലം മേഖലയിലെ വനങ്ങളിലെല്ലാം കാട്ടുതീ നാശം വിതയ്ക്കുന്നു.

നേര്യമംഗലം, വടാട്ടുപാറ എന്നീ വനമേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പടർന്ന് പത്തേക്കറോളം വനത്തിലെ അടിക്കാടുകൾ കത്തിനശിച്ചു. നേര്യമംഗലം കുതിര കുത്തി മലയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ 50 ഹെക്ടർ വനമാണ് കത്തിയമർന്നത്. ചെറുതും വലതുമായ വന്യജീവികൾ കാട്ടുതീയിൽ വെന്തുമരിക്കുന്നു. വൻ തീപിടുത്തത്തിൽ തേക്ക് ഉൾപ്പടെയുള്ള മരങ്ങളും കത്തിനശിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയിൽ വനത്തിനുള്ളിൽ പെരിയാർ വലതുകരയുടെ മുകളിലായി ഏക്കറുകണക്കിന് സ്ഥലത്താണ് തീപിടുത്തമുണ്ടായത്. മലയ്ക്ക് താഴെയാണ് കാഞ്ഞിരവേലി ജനവാസ മേഖല. മുകൾ ഭാഗത്ത് നിരവധി ആദിവാസി കുടിലുകളുണ്ട്. കാട്ടാന, പന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങൾ വനത്തിലുണ്ട്. വനത്തിനുള്ളിൽ തീ പടരുമ്പോൾ തീ കെടുത്താൻ ഫയർഫോഴ്‌സ് സംഘത്തിന് സ്ഥലത്തെത്താൻ റോഡ് സൗകര്യമില്ലാത്തതും ബുദ്ധിമുട്ടിലാക്കുന്നു.

you may also like this video;

വാഹനം കടന്നു ചെല്ലാൻ കഴിയാത്ത വനത്തിനുള്ളിൽ തീ പടരുമ്പോൾ ഫയർ ലൈൻ തീർത്ത് (കരയില വകഞ്ഞു് മാറ്റി ) തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സ് സംഘവും വനസംരക്ഷണ സമിതിയും സ്വീകരിച്ചു വരുന്നത്. തീ പടരാതിരിക്കാനുള്ള ശ്രമത്തിനിടയിൽ വനപാലകർ അപകടത്തിൽപ്പെടാറുണ്ട്. വനത്തിനുള്ളിൽ പെട്ടെന്ന് തീ പടരുന്നതോടെ പലപ്പോഴും വന്യ ജീവികൾ മരണപ്പെടാറുണ്ട്. ഓടി രക്ഷപ്പെടുന്നവ ജനവാസ മേഖലയിലെത്തി കൃഷി നാശം വരുത്തുകയും വീടുകൾ തകർക്കുകയും ചെയ്യും. കാട്ടിനുള്ളിലെ ചെറു കുളങ്ങളിലും അരുവികളിലും വെള്ളം വറ്റിയതോടെ കാട്ടാനകൾ ആനത്താരു വഴി പുഴകളിലെത്തുന്നു. ഭൂതത്താൻകെട്ട് ക്യാച്ച്മെന്റ് ഏരിയയിൽ വെള്ളം കുടിക്കാനും നീരാടാനും വേണ്ടി കാട്ടിൽ നിന്ന് എത്തിയ ആനക്കൂട്ടം തുണ്ടം റേഞ്ച് ഓഫീസിനു സമീപം റോഡ് മുറിച്ചുകടക്കവേ ആനക്കൂട്ടത്തെ കണ്ട് ഭയന്ന് അതുവഴിയെത്തിയ വാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച വടാട്ടുപാറ ആശാരുകുടിയിൽ എൽദോസ് വടാട്ടുപാറയിൽ നിന്നും കോതമംഗലത്തേക്ക് മോട്ടോർ ബൈക്കിൽ സഞ്ചരിക്കവേആനയ്ക്കു മുന്നിൽ അകപ്പെട്ടതോടെ മോട്ടോർ ബൈക്കിൽ നിന്നു വീണു പരുക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന വിമുക്ത ഭടൻ വടാട്ടുപാറ ഓലിയപ്പുറം ഷിഹാബും കുടുബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷിഹാബും ഭാര്യയും മൂന്നു മക്കളും കാറിലുണ്ടായിരുന്നു. കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന കാറിനുടത്തേയ്ക്കു വന്നതോടെ പിടിയാനയും സംഘവും കാറിനടുത്തെത്തി.

വടാട്ടുപാറയിൽ ഉണ്ടായ കാട്ടുതീ

കാറിൽ തുബി കൈ കൊണ്ട് അടിക്കുകയും കാർ കുത്തിമറിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ആനക്കുട്ടി ഓടി അകന്നു. ഇതോടെ ആനക്കൂട്ടം ആനക്കുട്ടിയുടെ പിന്നാലെ പോയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടു. ഭൂതത്താൻകെട്ട് അമ്പലത്തിനു സമീപം കാട്ടാനക്കൂട്ടം കനത്ത നാശം വരുത്തിയിരുന്നു. തട്ടേക്കാട് റൂട്ടിൽ പുന്നേക്കാട് പല പ്രാവശ്യം കാട്ടാനക്കൂട്ടവും ഒറ്റയാനും ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

കുട്ടംമ്പുഴ സത്രപടിയിൽ പൂയംകുട്ടി പുഴയിൽ കാട്ടാനക്കൂട്ടം നീരാട്ടിനെത്തുന്നുണ്ട്. രാവിലെ പുഴയിലെത്തുന്ന കുട്ടിയാന ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം ചില ദിവസങ്ങളിൽ സന്ധ്യയോടെയാണ് പുഴയിൽ നിന്നു മടങ്ങാറ്. വേനൽ രൂക്ഷമായതോടെ ജലദൗർലഭ്യം കൂടുതലായി നേരിട്ട പ്രദേശങ്ങളിൽ കാർഷിക വിളകളും കരിഞ്ഞുണങ്ങുന്നു. പെരിയാർവാലി കനാലുകളും ഉപകനാലുകളും നിരവധി കുടിവെള്ള പദ്ധതികളും സജീവമെങ്കിലും കർഷകർക്ക് ആവശ്യത്തിന് വെള്ളം തികയുന്നില്ല. മിക്ക കനാലുകളൂം പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും കാടും നിറഞ്ഞ സ്ഥിതിയാണ്.ഇതിനാൽ വെള്ളത്തിന്റെ ഒഴുക്കു തടസപ്പെടുന്നതിനാൽ പലയിടത്തും വെള്ളമെത്തുന്നില്ല. സ്കൂളുകളിൽ വർഷവസാന പരീക്ഷ ആരംഭിക്കാനിരിക്കെ ദിനം പ്രതി താപനില ഉയരുന്നത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കനത്ത ചൂട് പഠനത്തെ ബാധിക്കുമോയെന്ന ഭീതിയാണുള്ളത്.