ഷിബു ടി ജോസഫ്

കോഴിക്കോട്

February 17, 2020, 9:55 pm

അസാധാരണ കാലാവസ്ഥാ മാറ്റത്തിൽ അമ്പരന്ന് കേരളം, വടക്കൻ കേരളം വെന്തുരുകുന്നു

Janayugom Online

അസാധാരണ ചൂടിൽ വെന്തുരുകി വടക്കൻ കേരളം. തെക്കൻ മേഖലയിലും പതിവിൽ കവിഞ്ഞ ചൂടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നുവരെ കാണാത്ത കാലാവസ്ഥാ മാറ്റം കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്കാണ് കേരളത്തെ കൊണ്ടെത്തിക്കുക എന്ന ആശങ്കയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. അത്യുഷ്ണവും കടുത്ത ചൂടും സൂര്യതാപത്തിന് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സ്കൂൾ വിദ്യാർത്ഥികളും പകൽ സമയം വീടിന് വെളിയിൽ ജോലിയെടുക്കുന്നവരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും അതീവശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രാവിലെ പത്തുമണിക്ക് ശേഷം വെയിലത്തിറങ്ങുനമ്പോൾ തൊലി പൊള്ളുന്ന തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ കാര്യം എടുത്തുപറ‍ഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്ന രണ്ട് ജില്ലകളാണ് അതുരണ്ടും. പാലക്കാടിന്റെയും മലപ്പുറത്തിന്റെയും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർവ്വകാല റിക്കോർഡുകൾ ഭേദിച്ചാണ് അന്തരീക്ഷ താപനില ദിനംപ്രതി ഉയരുന്നതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ ജാഗ്രതയോടെ നേരിടുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

you may also like this video;


സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയായതിനാൽ ജനങ്ങൾ പരമാവധി ശ്രദ്ധപുലർത്തണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നുണ്ട്. കടുത്ത ചൂട് കുറച്ചുദിവസങ്ങൾ കൂടി തുടരാൻ സാധ്യതയുണ്ടെന്നും ഇക്കുറി വേനൽ മഴ വൈകുമെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമാണിതെന്നും കാലാവസ്ഥാ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് വർദ്ധിക്കുന്നതിനൊപ്പം തന്നെ ഇക്കുറി കുടിവെള്ളക്ഷാമവും അതിരൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേരളത്തിന്റെ ചില ജില്ലകളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുക. എന്നാൽ ഇക്കുറി മാർച്ച് മാസം മുതൽ തന്നെ വടക്കൻ ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക. പാലക്കാട് ജില്ലയിലായിരിക്കും കുടിവെള്ളക്ഷാമം അതിരൂക്ഷമാകുക. കേരളത്തിലെ വനമേഖലയിൽ വലിയ തോതിലുള്ള കാട്ടുതീ ബാധയ്ക്കും സാധ്യതയേറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലോകമെങ്ങും കാട്ടുതീ വ്യാപകമാകുന്നതും അത്യുഷ്ണം കൊണ്ടായതിനാൽ കേരളത്തിലെ വനങ്ങളിലും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിലവിൽ കാടുകൾ വരണ്ടുണങ്ങിത്തുടങ്ങിക്കഴിഞ്ഞു. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതികഠിനമായ ചൂടിനെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധപുലർത്തേണ്ടത് അനിവാര്യമാണ്.

Eng­lish Sum­ma­ry: Heavy tem­para­ture in northen kerala.