Web Desk

April 05, 2020, 4:56 pm

നിലയ്ക്കില്ല, മരണ ശേഷവും പാടിക്കയറുകയാണ് ഹെലിൻ ബോലെക്

Janayugom Online

ആധുനിക ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ നിരാഹാര സമരത്തിനുടമ ഇന്ത്യക്കാരിയായ ഇറോം ശർമ്മിളയാണ്. പത്തുവർഷം നീണ്ട സമരമായിരുന്നു അവരുടെ പേരിൽ കുറിച്ചിട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് 116 ദിവസം ജയിലിൽ നിരാഹാരം കിടന്ന ഭഗത്‌സിങ്ങും. പിന്നിലുള്ള മൂന്നുപേർ അയർലാൻഡിൽ 66 ദിവസം നിരാഹാരമിരുന്ന ബോബി സാൻഡ്സും ഫ്രാൻസിൽ 40 ദിവസം നീണ്ട സമരം നടത്തിയ സൊലാൻജെ ഫെർനെക്സും മെക്സിക്കോയിലെ സെസാർ ഷാവേസു (36 ദിവസം ) മാണ്. ഇക്കൂട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തുക മാത്രമല്ല 288 ദിവസം നീണ്ട നിരാഹാരത്തിനിടെ രക്തസാക്ഷിയാവുക കൂടി ചെയ്താണ് തുർക്കി നാടോടി ഗായക സംഘത്തിലെ ഹെലിൻ ബോലെക് പോരാട്ടചരിത്രത്തിലെ വേറിട്ട പേരായി തീരുന്നത്.

കമ്മ്യൂണിസ്റ്റെന്നോ ഇടതുപക്ഷമെന്നോ സ്വയം പ്രഖ്യാപിച്ചതായിരുന്നില്ല ഹെലൻ ബോലെക്കിന്റെ ഗായകസംഘം യോറം ബ്രാൻഡ്. നിലപാടുകളിലൂടെയും ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും അവർക്ക് ആ പേര് ചാർത്തപ്പെടുകയായിരുന്നു. എല്ലാവരും കമ്മ്യൂണിസ്റ്റെന്നും ഇടതുപക്ഷമെന്നും വിളിച്ചപ്പോൾ അവർ അതായി തീരുകയായിരുന്നു. അവർ പാടിയതത്രയും പാവപ്പെട്ടവരുടെ ഗാനങ്ങളായിരുന്നു. സാധാരണക്കാരുടെ ജീവിതങ്ങളായിരുന്നു അവരുടെ നാടകങ്ങളുടെയും സിനിമകളുടെയും കഥാതന്തുവായത്.

2017 ൽ അവർ പുറത്തിറക്കിയ ആല്‍ബത്തിന്റെ പേര് ഇല്ലെ കാവ്ഗ എന്നായിരുന്നു. പോരാട്ടമല്ലാതെ മറ്റു വഴിയില്ലഎന്നതായിരുന്നു ആ തുർക്കിഷ് ഭാഷയുടെ പരിഭാഷ. അതുകൊണ്ടുതന്നെ അവർ ഇടതുപക്ഷമെന്ന് വിളിക്കപ്പെട്ടു. അവരിൽ ചിലരെങ്കിലും ഇടതുപക്ഷ പാർട്ടികളുടെ ഭാഗമായി മാറുകയും ചെയ്തു. തുർക്കിയിലെ ജനത അവരെയും അവരുടെ കലാ — സാംസ്കാരിക പരിപാടികളെയും ഹൃദയത്തിലേറ്റി.

പക്ഷേ അപ്പേരിനാലും ജനപ്രീതിയാലും ആ സംഘം, യോറം ബ്രാൻഡ് ഭരണാധികാരികളുടെ കണ്ണിലെ കരടായി മാറി. ലാറ്റിൻ അമേരിക്കൻ വിപ്ലവ ഗായകസംഘമായ ന്യുയേവ കാൻഷ്യനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 1985 ൽ മർമാറ സർവ്വകലാശാലയിലെ നാലു സുഹൃത്തുക്കൾ ചേർന്നാണ് തുർക്കിഷ്, കുർദിഷ് നാടോടി ഗാനങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കി നിർമ്മിക്കുന്ന ഗാനങ്ങളും കോർത്തിണക്കിയുള്ള യോറം ബ്രാൻഡിന് രൂപം നൽകുന്നത്.

തുർക്കിയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വേട്ടയാടലുകളും അതിനൊപ്പം തന്നെ തുടങ്ങി. അതിനിടയിലും ജനപ്രീതിയാൽ അവർ പാടി മുന്നേറി. മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനും അമേരിക്കയ്ക്കുമെതിരെ അവർ പാടി. ആൾക്കൂട്ടം ആർത്തുവിളിച്ചു. തുർക്കിയിലെ ഭരണാധികാരികൾക്കെതിരായ സമരകാഹളവുമായി അവർ നാടു മുഴുവൻ പാടി നടന്നു. തങ്ങളുടെ ഇരിപ്പിടങ്ങളെ പാടിത്തകർക്കുമെന്നായപ്പോൾ ഭരണകൂട ഭീകരത അവരെ വല്ലാതെ വേട്ടയാടി.

അറസ്റ്റും ജയിലും വിട്ടയക്കലും വീണ്ടും അറസ്റ്റും. റവലൂഷണറി പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (വിപ്ലവ ബഹുജന വിമോചന മുന്നണി — തുർക്കിഷിൽ ഡിഎച്ച് ൿെപി — സി) അംഗത്വമുണ്ടെന്ന പേരിൽ 2013 ജനുവരി 18 ന് സംഘത്തിലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മൂന്നുനാൾ കഴിഞ്ഞ് വിട്ടയച്ചുവെങ്കിലും അവർക്കെതിരായ കേസുകൾ തുടർന്നു. 2016 ൽ നവംബറിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. 2019 ൽ യോറം ഗ്രൂപ്പിന്റെ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്തു. ഗാനമേളകളും പൊതു പരിപാടികളും നടത്തുന്നത് നിരോധിച്ചു. റെയ്ഡിൽ ഗാനമേളയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങൾ അത്രയും നശിപ്പിക്കുകയും ചെയ്തു. ഫലത്തിൽ ഗായകസംഘത്തെതന്നെ നിരോധിച്ചു. ഹെലൻ ബോലെക്കും മറ്റൊരംഗമായ ഇബ്രാഹിം ഗോസെക്കും നിരാഹാരം ആരംഭിച്ചു. യോറം ഗ്രൂപ്പിനെതിരായ വേട്ടയാടൽ അവസാനിപ്പിക്കണമെന്നും ഗാനമേള നടത്താൻ അനുവദിക്കണമെന്നും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹാരം.

 

2019 നവംബറിൽ വിട്ടയക്കപ്പെട്ടുവെങ്കിലും ഹെലിൻ ബോലെക്ക് നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇബ്രാഹിം ഗോസെക്ക് ജയിലിലും ഹെലിൻ പുറത്തുമായി ഇരുവരും നിരാഹാരം തുടർന്നു. അപ്പോഴേയ്ക്കും രണ്ടുപേരുടെയും ആരോഗ്യ സ്ഥിതി വഷളായിരുന്നു. തുടർന്ന് ഫെബ്രുവരി 25 ന് ഇബ്രാഹിമും ജയിൽമോചിതനായെങ്കിലും നിരാഹാരം ഇരുവരും തുടർന്നു. മാർച്ച് 11 ന് ഇരുവരുടെയും വീടുകൾ റെയ്ഡ് ചെയ്ത് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ചികിത്സ തേടാൻ വിസമ്മതിച്ചതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. അങ്ങനെ അടങ്ങാത്ത സമരവീര്യത്തിന്റെയും പ്രതിരോധത്തിന്റെയും സഹന സമരത്തിനിടെ ഏപ്രിൽ ഒന്നിന് ഹെലിന്റെ ജീവിതം അവസാനിക്കുകയായിരുന്നു. ഹെലിന്റെ എത്രയോ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിൽ സുന്ദരിയായ അവരുടെ പഴയ ചിത്രത്തിനൊപ്പം കാണാവുന്ന നിരാഹാരം കിടന്ന് ശോഷിച്ച ചിത്രം സാമ്രാജ്യത്തത്തിന്റെയും കാവൽനായ്ക്കളുടെയും ക്രൂരമാനസങ്ങളല്ലാത്ത ആരുടെയും കരളലിയിപ്പിക്കും. തുർക്കിയിലെ ജനവിമോചനത്തിന്റെ പോരാട്ടപ്പേരായി ഹെലിൻ നമുക്ക് മുന്നിൽ പുതിയ പോരാട്ടകാലത്തിന്റെ ആവേശമായി ചിരിതൂകി പാടുകയാണ്. തിമിർത്ത് പാടിക്കയറുകയാണ് മരണ ശേഷവും.

you may also like this video;