കോവിഡ് 19 പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട സംസ്ഥാനത്തിന്റെ കാർഷിക മേഖലയ്ക്ക് ഊർജ്ജം പകരുന്നതിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്ര കൃഷിമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ കേരളം അവതരിപ്പിച്ചിരുന്നു. വീഡിയോ കോൺഫറൻസിനു ശേഷം കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം റൂപാലാ മന്ത്രി വി എസ് സുനിൽകുമാറിനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് സഹായം ഉറപ്പു നൽകുകയും ചെയ്തു. 2016 ലെ കൊടും വരൾച്ചയും അതിനുശേഷമുണ്ടായ രണ്ടു പ്രളയവും ഓഖി ചുഴലിക്കാറ്റും കാർഷികമേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും 40,000കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തു.
ഇതു മറികടക്കുവാൻ പ്രത്യേക കാർഷിക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടു. കൃഷിസ്ഥലത്തിന്റെ ഉടമസ്ഥത,വിസ്തൃതി,സ്കെയിൽ ഓഫ് ഫിനാൻസ് എന്നിവ നോക്കാതെ എല്ലാ കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്കും 25,000 രൂപ മിനിമം കാർഷികവായ്പ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിലവിൽ നൽകി വരുന്ന ധനസഹായം 60:40 ആണ്. ഇതിൽ കേന്ദ്ര വിഹിതം 90 ആയി വർധിപ്പിക്കുകയും സംസ്ഥാന വിഹിതം 10 ആയി കുറയ്ക്കുകയും ചെയ്യണം. സ്ഥിരമായി പറ്റിയില്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷത്തേക്ക് എങ്കിലും ഇത്തരത്തിൽ 90: 10 അനുപാതത്തിൽ ധനസഹായം അനുവദിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. കൊയ്ത്ത് മെതി യന്ത്രങ്ങളുടെ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഈ കുറവ് നികത്തുന്നതിനായി യന്ത്രങ്ങൾ നൽകണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത് പരിഗണിക്കുന്നതിനായി ആവശ്യംവേണ്ട യന്ത്രങ്ങളുടെ വിവരം കേന്ദ്രം ആരായുകയും സംസ്ഥാനസർക്കാർ അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ നിന്നും യന്ത്രങ്ങൾ ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകുകയും തമിഴ്നാടിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പഴം ‑പച്ചക്കറി കയറ്റുമതിയിൽ തടസ്സം നേരിട്ടിരിക്കുന്നതിനാൽ ഇവ പ്രാദേശികമായി തന്നെ വിപണനം നടത്തുന്നതിനായി സംസ്ഥാനത്ത് പലയിടങ്ങളിലും ജീവനി-സഞ്ജീവനി എന്ന പേരിൽ കർഷക വിപണികൾ ആരംഭിച്ചിട്ടുണ്ട്.ഈ വിപണികളിലേക്ക് കർഷകരുടെ ഉല്പന്നങ്ങൾ എത്തിക്കുന്നതിനും മറ്റുമുള്ള അനുബന്ധ ചെലവ് ഇനത്തിൽ കർഷകർക്ക് പ്രത്യേക ഇൻസെന്റീവ് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക ഉല്പന്നങ്ങൾക്കും ഉല്പാദനോപാധികൾക്കും ഉള്ള അന്തർസംസ്ഥാന നിയന്ത്രണങ്ങൾ നീക്കണം, സംസ്ഥാനത്തിന് ആവശ്യമായ വളം ലഭ്യത ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തോട് ഉന്നയിച്ചത്.
English Summary: Help from central government to kerala frming sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.