വെറുപ്പിന്‍റെ രാഷ്ട്രീയം വിലപ്പോവില്ല: ദുരന്തമേഖലയിലേക്ക് സഹായമൊഴുകുന്നത് നാടിന്‍റെ നാനാഭാഗത്തുനിന്നും

Web Desk
Posted on August 13, 2019, 8:21 pm

ഷിബു ടി ജോസഫ്

കോഴിക്കോട്: സ്വന്തം നാട് പ്രകൃതിദുരന്തത്തിലും പ്രളയത്തിലും മുങ്ങി നരകിക്കുമ്പോള്‍ വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കേരളജനതയുടെ ചുട്ട മറുപടി.
സംഘപരിവാര്‍ അനുകൂലികള്‍ സംസ്ഥാനത്തുടനീളം വിഷം തുപ്പുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കേരളജനത ഒന്നടങ്കം നിലകൊള്ളുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും നല്‍കരുതെന്നായിരുന്നു ആദ്യത്തെ പ്രചരണം. എന്നാലിതാ സ്വദേശത്തുനിന്നും വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി ഒഴുകിയെത്തുന്നത്. വിദ്യാര്‍ഥികളും വീട്ടമ്മമാരും അവരുടെ സമ്പാദ്യക്കുടുക്ക ഉള്‍പ്പെടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയാണ്. പ്രവാസ ലോകത്തുനിന്നും വലിയ പിന്തുണയാണ് കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്നത്.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഒന്നിച്ച് കേരളത്തെ ആക്രമിച്ചപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് തങ്ങളുടെ കിടപ്പാടം ഉപേക്ഷിച്ച് ഉടുതുണി മാത്രമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. ഈ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികളും വസ്ത്രങ്ങളും മരുന്നുകളും ശുചീകരണ വസ്തുക്കളും ശേഖരിക്കാനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നാടുകളിലെ സന്നദ്ധരായ ചെറുപ്പക്കാരും വീട്ടമ്മമാരും പൊതുപ്രവര്‍ത്തകരും കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോള്‍ പ്രളയബാധിതര്‍ക്ക് ഒന്നും നല്‍കേണ്ടെന്ന സന്ദേശമാണ് ചിലര്‍ പ്രചരിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഇത്തരക്കാര്‍ ശക്തമായി രംഗത്തെത്തിയതോടെ കളക്ഷന്‍ സെന്ററുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ആദ്യദിനം വലിയ നിരാശയായിരുന്നു. കാര്യമായി സാധനങ്ങള്‍ എത്തുന്നില്ലെന്ന് പലരും സോഷ്യല്‍ മീഡിയയിലും മറ്റും പരാതിയും പറഞ്ഞു. എന്നാല്‍ രണ്ടാം ദിനം കാഴ്ച മാറി. തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാത്രം വലിയ ലോറികളില്‍ പത്ത് ലോഡ് സാധനങ്ങളാണ് വയനാട്ടിലെയും മലപ്പുറത്തെയും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് എത്തിയത്.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെയും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെയും നേതൃത്വത്തില്‍ വന്‍ സംവിധാനങ്ങളാണ് ഇതിനായി തിരുവനന്തപുരത്ത് ഒരുക്കിയത്. തിരുവനന്തപുരം നഗരസഭയില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ സന്ദര്‍ശിക്കുകയും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തു.

എറണാകുളത്ത് ബ്രോഡ് വേയിലെ വസ്ത്രവില്‍പ്പനക്കാരന്‍ നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങളില്‍ നല്ലൊരു പങ്ക് ദുരിതാശ്വാസവൊളണ്ടിയര്‍മാര്‍ക്ക് നല്‍കുക മാത്രമല്ല അത് ചാക്കില്‍ ചുമന്ന് കളക്ഷന്‍ സെന്ററില്‍ എത്തിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ളവരുടെ അഭിനന്ദനത്തിന് ഇടയാക്കി. സാധാരണക്കാരനായ ഒരാളുടെ നല്ലമനസ്സ് കേരളത്തിന്റെ നന്മയുടെ നേര്‍ചിത്രമാണെന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ ഉണ്ടായി.
കഴിഞ്ഞ പ്രളയം തകര്‍ത്തെറിഞ്ഞ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയതോതിലുള്ള സഹായമാണ് ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് ഒഴുകിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പൊതുപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെ കൈകോര്‍ത്ത് ലോഡ് കണക്കിന് സാധനങ്ങളാണ് തൃശൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് തുടങ്ങിയ മേഖലകളില്‍ നിന്നും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊണ്ടവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ എതിര്‍പ്പുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. ചിലര്‍ തെറ്റ് മനസ്സിലാക്കി മാപ്പുപറഞ്ഞ് ഇനിയാവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കി. നാടൊരു വന്‍ദുരന്തത്തെ നേരിടുമ്പോള്‍ നാടിനൊപ്പം നില്‍ക്കാതെ വെറുപ്പും ദുഷ്ടതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള താക്കീത് കൂടിയാണ് ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങളെല്ലാം തന്നെ. കഴിഞ്ഞ ദുരന്തത്തെ നേരിട്ടതിനേക്കാള്‍ ഫലപ്രദമായി ഇക്കുറി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാപകലെന്യേ ജില്ലാ കേന്ദ്രങ്ങളിലും നാട്ടിലെമ്പാടുമൊരുക്കിയിരിക്കുന്ന കളക്ഷന്‍ സെന്ററിലും സേവനം ചെയ്യുന്നത് ലോകത്തിന് തന്നെ വലിയൊരു സന്ദേശമാണ് പകര്‍ന്നുനല്‍കുന്നത്.