സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തും; പ്രളയബാധിതര്‍ക്കായി

Web Desk
Posted on August 28, 2018, 7:43 pm
കാസര്‍ഗോട്: ‘പ്രളയബാധിതര്‍ക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി ആഗസ്റ്റ് 30 ന് കാസര്‍ഗോട്, കണ്ണൂര്‍ ജില്ലകളിലെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഇത്തരത്തിലൊരു പദ്ധതി. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍ഗോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാന്ത്വനയാത്ര നടത്തുന്നത്. ഇതിലൂടെ സംഭരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ഓരോ ഗ്രാമങ്ങളിലെയും ജനങ്ങളുടെ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്കാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് നേതൃത്വം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ സെപ്തംബര്‍ മൂന്നിന് സാന്ത്വന യാത്ര നടത്തും.
പ്രളയത്തെത്തുടര്‍ന്ന് ബസ്സുകള്‍ പലതും സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണ്.  ഇടുക്കിയില്‍ സര്‍വ്വീസ് നടത്തുന്ന 500 ബസ്സുകളില്‍ 165 ബസ്സുകള്‍ ഇപ്പോഴും വെള്ളത്തില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ 14,000 ത്തോളം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതില്‍ 13500 ബസ്സുകളും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍റെ കീഴിലാണ്. ഇതിലെ ജീവനക്കാരായ 40,500 ഓളം ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
നിത്യേനയുണ്ടാകുന്ന ഡീസല്‍ വില വര്‍ദ്ധനവ് കാരണം ബസ് സര്‍വ്വീസുകള്‍ പൊതുവേ നഷ്ടത്തിലാണെങ്കിലും  ദുരിതാശ്വാസം എന്ന ബാനറില്‍ ബസ് സര്‍വ്വീസ് നടത്തുമ്പോള്‍ യാത്രക്കാരുടെ മനസും പേഴ്‌സും തുറക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് കെ ഗിരീഷ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മുഴുവന്‍ യാത്രക്കാരും എല്ലാവിധത്തിലുള്ള സൗജന്യവും ഒഴിവാക്കി ഫെയര്‍ നിരക്കിന് പുറമെ പരമാവധി തുക നല്‍കി സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കാസര്‍ഗോട് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍റ്
പരിസരത്ത് രാവിലെ 8.30ന് പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും.