വോട്ട് പിടിക്കാന്‍ കൈയ്യില്‍ കൊയ്ത്തരിവാളുമായി ഹേമാ മാലിനി; വീഡിയോ

Web Desk
Posted on April 02, 2019, 1:16 pm

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥികളെല്ലാം വേറിട്ട പ്രചാരണങ്ങളുമായി പൊടിപൊടിക്കുകയാണ്. സിനിമകളിലെ അഭിനയത്തിനുമപ്പുറമാണ് ചില സ്ഥാനാര്‍ഥികളുടെ പ്രചാരണം. തക്കാളി വിറ്റും ചമ്മന്തി അരച്ചും കുട്ടികളെ കൊഞ്ചിച്ചും കരിക്കു പൊതിച്ചുമാണ് ജനമനസ്സുകളില്‍ ഇടം നേടാന്‍ നേതാക്കള്‍ ചെയ്തുകൂട്ടുന്നത്. ഇത്തരത്തില്‍, മഥുര ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ഹേമാ മാലിനി നെല്ല് കൊയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മണ്ഡലത്തിലെ പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു ഹേമാമാലിനിയുടെ നെല്ല് കൊയ്യല്‍.

‘ഗോവര്‍ധന്‍ക്ഷേത്രത്തില്‍ നിന്നാണ് എന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പാടത്ത് പണിയെടുക്കുന്ന ചില സ്ത്രീകളെ കാണാനും അവരോടൊപ്പം ജോലിചെയ്യാനും അവസരം ലഭിച്ചു. എന്‍റെ ആദ്യദിന പ്രചാരണത്തിന്‍ ചില ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു’, ഇങ്ങനെ പറഞ്ഞാണ് ഹേമമാലിനി ചിത്രങ്ങള്‍ പങ്കുവച്ചത്.

ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപി നേതാവിന്‍റേത് തരംതാണ നാടകമായിപ്പോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ പറഞ്ഞത് താരത്തിന്‍റെ പ്രവൃത്തി അല്‍പം കടന്നുപോയി എന്നാണ്. ഫോട്ടോഷൂട്ടിന് തെരഞ്ഞെടുത്ത സ്ഥലം കൊള്ളാമെന്നും ചിലര്‍ കമന്‍റുകളുണ്ട്.