Web Desk

December 29, 2019, 9:59 am

ഝാർഖണ്ഡിൽ ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Janayugom Online

റാഞ്ചി:ഝാര്‍​ഖ​ണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഝാര്‍​ഖ​ണ്ഡിന്‍റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായിട്ടാണ് സോറന്‍ ഇന്ന് ചുമതല ഏല്‍ക്കുന്നത്. റാഞ്ചിയിലെ മൊറാബാദ് മൈതാനിയില്‍ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹുല്‍ ഗാന്ധി, ശരത്പവാര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും.

ഇതില്‍ ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സ് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. 2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകളാണ് കിട്ടിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കമുള്ള പ്രമുഖരായ നിരവധി ബിജെപി നേതാക്കള്‍ ഇത്തവണ ജാര്‍ഖണ്ഡില്‍ തോറ്റിരുന്നു.

മാത്രമല്ല സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രിയങ്കാ ഗാന്ധി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്, സിപിഐ നേതാവ് കനയ്യ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

you may also like this video