കെ കെ ജയേഷ്

കോഴിക്കോട്

October 30, 2021, 5:40 pm

മികച്ച നാടകകൃത്തും മികച്ച രണ്ടാമത്തെ നാടകങ്ങളുടെ രചയിതാവും: പുരസ്ക്കാര നിറവില്‍ ഹേമന്ത് കുമാർ

Janayugom Online

കോഴിക്കോട്: കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടക കൃത്തായി തെരഞ്ഞെടുക്കപ്പെട്ടതിനൊപ്പം താൻ രചന നിർവ്വഹിച്ച രണ്ടു നാടകങ്ങൾ മികച്ച രണ്ടാമത്തെ നാടകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നാടകകൃത്ത് ഹേമന്ത് കുമാർ. ഇദ്ദേഹത്തിന്റെ രചനയിൽ രാജേഷ് ഇരുളം സംവിധാനം ചെയ്ത് കോഴിക്കോട് സങ്കീർത്തന അരങ്ങിലെത്തിച്ച വേനലവധി എന്ന നാടകത്തിലൂടെയാണ് ഹേമന്ത് കുമാർ മികച്ച നാടക കൃത്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ നാടകത്തിലൂടെ രാജേഷ് ഇരുളം മികച്ച സംവിധായകനായും സജി മൂരാട് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നാടകത്തിനും ദീപവിതാനത്തിനുമുള്ള പുരസ്ക്കാരവും ഈ നാടകത്തിനാണ്. വേനലവധിക്കൊപ്പം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ട പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിന്റെ രചനയും ഹേമന്ത് കുമാറിന്റേതാണ്. രാജേഷ് ഇരുളം സംവിധാനം ചെയ്ത ഈ നാടകം അവതരിപ്പിച്ചത് വള്ളുവനാട് ബ്രഹ്മയാണ്. ഈ നാടകത്തിലൂടെ ബിജു ജയാനന്ദൻ മികച്ച രണ്ടാമത്തെ നടനായും തെരഞ്ഞെടുക്കപ്പെട്ടു. മക്കളുടെ ശ്രദ്ധയ്ക്ക്, അമ്മ എന്നീ നാടകങ്ങളിലൂടെ ഫ്രാൻസിസ് ടി മാവേലിക്കരയും മികച്ച നാടകകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പിതാവിന്റെ കഥയാണ് വേനലവധി. ക്രിമിനലായ ഒരാളെ മകൾ പ്രണയിക്കുമ്പോൾ മകളെക്കുറിച്ചുള്ള പിതാവിന്റെ പ്രതീക്ഷകളാണ് തകർന്നടിയുന്നത്. മകൾ തന്നോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന് വിശ്വസിക്കുന്ന ആ പിതാവ് ലോകത്തെ മുഴുവൻ അവിശ്വസിക്കാൻ തുടങ്ങുന്നു. അത് അദ്ദേഹത്തിന്റെ മാനസിക നില തന്നെ തകർക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. സൗഹൃദങ്ങളെയും പ്രണയത്തെയും തിരിച്ചറിയാൻ പെൺകുട്ടികൾക്ക് സാധിക്കണമെന്ന സന്ദേശവും നാടകം നൽകുന്നുണ്ട്.

കോവിഡ് ദുരിതകാലത്തിന് ശേഷം തൃശ്ശൂർ സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൽ ഈ നാടകം അരങ്ങേറിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ആസ്വാദകർ നാടകത്തെ സ്വീകരിച്ചത്. ഇതേ സമയം രചനാ പരമായി വേനലവധിക്ക് മുകളിൽ നിൽക്കുന്നതാണ് പാട്ടുപാടുന്ന വെള്ളായി എന്ന നാടകമെന്നാണ് തന്റെ വിശ്വാസമെന്ന് നാടകകൃത്ത് ജനയുഗത്തോട് പറഞ്ഞു.

 

 

പൊള്ളുന്ന വിഷയങ്ങളെ അരങ്ങിലേക്ക് പകർത്തിയ എഴുത്തുകാരനാണ് ഹേമന്ത് കുമാർ. കരിങ്കുട്ടി, അകവൂർ ചാത്തൻ, അരിങ്ങോടർ, കുറിയേടത്ത് താത്രി, കുരുത്തി, കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച, പഞ്ചമി പെറ്റ പന്തിരുകുലം, കരുണ, യക്ഷനാരി, ആങ്ങളത്തെയ്യം, കോങ്കണ്ണൻ, വെയിൽ, പേര് അറിവാളൻ ബോൺ ഡെത്ത് 1991,ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി തുടങ്ങിയ നാടകങ്ങളെല്ലാം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നിരവധി പുരസ്ക്കാരങ്ങളും ഇതിനകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയായ ഹേമന്ത് കുമാറിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആസിഫലി നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്താണ്. അക്രമ രാഷ്ട്രീയം പ്രമേയമാക്കിയുള്ള ഏറെ ശ്രദ്ധേയമായ കുരുത്തി എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതെന്ന് ഹേമന്ത് കുമാർ വ്യക്തമാക്കുന്നു. ഉത്തര മലബാറിലെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമായി ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. പ്രൊഫഷൽ നാടകങ്ങളുടെ പതിവ് ചട്ടക്കൂടുകൾ ഭേദിച്ച ഈ നാടകം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നാടകാവതരണങ്ങളും മത്സരങ്ങളുമെല്ലാമായി കോവിഡിന് ശേഷം അരങ്ങുണരുന്നതിലുള്ള സന്തോഷത്തിലാണ് ഹേമന്ത് കുമാർ. പട്ടാമ്പി തൃത്താല സ്വദേശിയായ ഹേമന്ത് കുമാർ ഇപ്പോൾ തൃശ്ശൂരിലാണ് താമസം.