Web Desk

റാഞ്ചി‍:

September 06, 2020, 9:42 pm

ജിഎസ് ടി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു: ഹേമന്ത് സോറൻ

Janayugom Online

ചരക്ക് സേവന നികുതി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. നഷ്ടപരിഹാരം നിഷേധിക്കുന്നത് സംസ്ഥാന സർക്കാരുകളോടും രാജ്യത്തെ ജനങ്ങളോടും കാണിക്കുന്ന വഞ്ചനയാണെന്നും ‘സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിലുള്ള’ വിശ്വാസം കാത്തു സംരക്ഷിക്കാൻ പ്രധാനമന്ത്രി സന്നദ്ധനാകണമെന്നും നരേന്ദ്ര മോഡിക്ക് എഴുതിയ കത്തിൻ സോറൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണ ഗുരുതര പിഴവാണ്. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിലെ വിമുഖതയും കഴിവില്ലായ്മയും പാർലമെന്റിലും ഇതുവരെ നടന്ന എല്ലാ കൗൺസിൽ യോഗങ്ങളിലും കേന്ദ്രം നൽകിവന്ന ഉറപ്പുകളുടെ ലംഘനമാണെന്നും സെപ്റ്റംബർ 4 ന് അയച്ച കത്തിൽ സോറൻ ആരോപിച്ചു. ജിഎസ്‌ടി നിലവിൽ വന്ന 2017 മുതൽ അഞ്ച് വർഷം സംസ്ഥാന സർക്കാരുകൾക്ക് വരുമാന നഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ധാരണയനുസരിച്ച് 2022 വരെ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകേണ്ടതാണ്.

എന്നാൽ വേണ്ടത്ര നഷ്ടപരിഹാരം കേന്ദ്രം നൽകുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളും പരാതിപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ വരുമാന കമ്മിയും സംസ്ഥാനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. പഞ്ചാബിൽ മാത്രം ഈ വർഷം 25,000 കോടിയുടെ വരുമാന കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാനങ്ങൾ കടമെടുത്ത് ചെലവ് നടത്തണമെന്ന വിചിത്രവാദമാണ് കേന്ദ്രം ഉയർത്തുന്നത്. വരുമാന നഷ്ടത്തെ ജിഎസ്‌ടി വഴിയുള്ള വരുമാന നഷ്ടമെന്നും കോവിഡ് മഹാമാരിമൂലമുള്ള വരുമാന നഷ്ടമെന്നും രണ്ടായിത്തിരിച്ച് അതിൽ ഒരുഭാഗം സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമാണ് മോഡി സർക്കാർ ഇപ്പോൾ നടത്തുന്നത്. കോവിഡ്മൂലമുള്ള വരുമാന നഷ്ടം മുഴുവൻ സംസ്ഥാനങ്ങൾ കടമെടുത്ത് നികത്തണമെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിനായി വായ്പാപരിധി അര ശതമാനംകൂടി ഉയർത്തി നൽകാമെന്നും കേന്ദ്രം പറയുന്നു.

എന്നാൽ അര ശതമാനം വായ്പാപരിധി ഉയർത്തി നൽകിയാൽപോലും സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടം നികത്താനാകില്ലെന്നതാണ് യാഥാർത്ഥ്യം. നഷ്ടപരിഹാര ഫണ്ടിലേക്ക് ധാതുമേഖലയിൽ നിന്ന് മാത്രം 5,000 കോടി രൂപ സംഭാവന ചെയ്യുന്ന ഝാർഖണ്ഡിന് പ്രതിമാസം കേന്ദ്രം തിരികെ നൽകുന്നത് 150 കോടി രൂപയുടെ തുച്ഛമായ തുക മാത്രമാണെന്ന് സോറൻ വ്യക്തമാക്കി. കോവി‍ഡ് 19 പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ അപകടകരമായ അവസ്ഥയിലായതിനാൽ കർഷകരെയും കുടിയേറ്റ തൊഴിലാളികളെയും അസംഘടിത മേഖലയിലുള്ളവരെയും തൊഴിലില്ലാത്ത യുവാക്കളെയും പരിപാലിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും സംസ്ഥാനം കടം വാങ്ങാൻ നിർബന്ധിതമായിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ നിർണായക ഘട്ടത്തിൽ, സ്വീകാര്യമായ നഷ്ടപരിഹാരത്തേക്കാൾ കൂടുതൽ കേന്ദ്രത്തിൽ നിന്ന് ഞങ്ങൾക്ക് നൽകുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചു, എന്നാൽ വീണ്ടും വായ്പയെടുത്ത് നഷ്ടം നികത്തണമെന്നാണ് കേന്ദ്രം ആവശ്യുപ്പെടുന്നതെന്ന് സോറൻ കത്തിൽ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: hemat soran about gst

YOU MAY ALSO LIKE THIS VIDEO