ഹന്റി റൂസോ (1844–1910); നിഷ്‌കളങ്കതയുടെ സ്വപ്നദര്‍ശകന്‍

Web Desk
Posted on June 16, 2019, 7:14 am

സൂര്‍ദാസ് രാമകൃഷ്ണന്‍

”അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ മനോഹരമായൊരു മുന്തിരിത്തോപ്പിലേക്ക് കടക്കുംപോലെയാണ് നമുക്ക് തോന്നുക.…” ചിത്രകാരനായ മാക്‌സ് വെബ്ബറുടെ ഈ വാക്കുകള്‍ ഹെന്റി റൂസോയെക്കുറിച്ചായിരുന്നു; ഹെന്റി ജൂലിയന്‍ ഫെലിക്‌സ് റൂസോ എന്ന ഏറ്റവും നിഷ്‌കളങ്ക സ്വഭാവിയായ ഫ്രഞ്ച് ചിത്രകാരനെക്കുറിച്ച്. റൂസോയ്ക്ക് ചിത്രകലയില്‍ അക്കാദമികമായ പരിശീലനം ലഭിച്ചിരുന്നില്ല. ഒരു ഗുരുപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സ്വന്തം ആത്മാവില്‍ നിന്നും റൂസോ വരച്ചുകൊണ്ടേയിരുന്നു. പ്രകൃതിയുടെ വന്യമായ സൗന്ദര്യത്തെ അദ്ദേഹം ക്യാന്‍വാസുകളില്‍ സ്വപ്നം കണ്ടു. വനസ്ഥലിയുടെ പ്രാകൃതവും നിഗൂഢവുമായ ശുദ്ധഭാവത്തെ റൂസ്സോയെപോലെ വരച്ചിട്ട മറ്റൊരു ചിത്രകാരനില്ല. കാനനക്കാഴ്ചകള്‍ നമുക്ക് തരുന്നത് പ്രാകൃതവും വിഭ്രമാത്മകവുമായ ലാവണ്യാനുഭൂതിയാണ്. അതെപ്പോഴും അതീതയാഥാര്‍ത്ഥ്യത്തിന്റേതായ ഒരു നിഗൂഢതയില്‍ നമ്മെ ലയിപ്പിക്കുന്നു. കലയുടെ ഭാഷയില്‍ പറഞ്ഞാല്‍ അത് ഫാന്റസിയുടെയും സര്‍റിയലിസത്തിന്റെയും പ്രകൃതിജന്യമായ അനശ്വര രചനയാണ്. റൂസോയിലെ ചിത്രകാരന്റെ അന്തര്‍നേത്രം തുറന്നിരിക്കുന്നതും ഈ അസാധാരണ അനുഭൂതിയിലേക്കായിരുന്നു. ”പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട് അതെന്നിലുണ്ടാക്കിയ അനുഭവങ്ങളെ വരയ്ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നില്ല, എനിക്ക്.” എന്നും, ”പ്രകൃതിയിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ മനോഹരമായൊരു സ്വപ്നത്തിലാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്.” എന്നും റൂസോ പറഞ്ഞത് അതുകൊണ്ടാണ്. പ്രകൃതിയുടെ ബാഹ്യസൗന്ദര്യത്തെ ഭേദിച്ച് ആ മനസ്സ് എപ്പോഴുമതിന്റെ നിഗൂഢതയിലേക്ക് നിഷ്‌കളങ്കതയോടെ സഞ്ചരിച്ചു. അതിന്റെ അതിരുകളില്ലാത്ത ലാവണ്യ വൈചിത്ര്യങ്ങളെ തീക്ഷ്ണമായ വര്‍ണങ്ങളാല്‍ ക്യാന്‍വാസുകളിലേക്ക് പകര്‍ത്തി.

henri ruso

തലനാരിഴ കീറുന്ന സൂക്ഷ്മതയോടെയാണ് റൂസോ പ്രകൃതിയെ വരച്ചത്. ചിലപ്പോള്‍ ഒരു ചിത്രം വരച്ചുതീര്‍ക്കാന്‍ രണ്ടും മൂന്നും മാസങ്ങള്‍ വേണ്ടിവന്നു. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും മൃഗങ്ങളുമുള്ള കാനനഭംഗിയില്‍ നിന്നും ഉരുവംകൊണ്ട സര്‍ഗാത്മക സ്വപ്നദര്‍ശനങ്ങളായിരുന്നു റൂസോയുടെ ക്യാന്‍വാസുകള്‍. അതുകൊണ്ടുതന്നെ, ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലയില്‍ വലിയ സ്വാധീനശക്തിയായി മാറിയ സര്‍റിയലിസത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും ഭ്രമാകത്മക സൗന്ദര്യത്തിന്റെ പ്രാരംഭം ഇന്ന് പല കലാനിരൂപകന്‍മാരും റൂസോയുടെ ചിത്രങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. നിരന്തരമായ പ്രകൃതി നിരീക്ഷണം മാത്രമായിരുന്നില്ല റൂസോയുടെ കലയുടെ ആത്മാവ്. പാരീസിലെ മൃഗശാലയില്‍ കണ്ട മൃഗങ്ങളും, ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിശേഷപ്പെട്ട സസ്യങ്ങളും, ചില മാസികകളില്‍ വന്നിരുന്ന വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും, ചിത്രങ്ങളും, മനോഹരമായ പ്രകൃതി ചിത്രീകരണവുമുള്ള ബാലസാഹിത്യ കൃതികളും റൂസോയുടെ മനസ്സിനെ സ്വാധീനിച്ചിരുന്നു. ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ശിശുസഹജമായ നിഷ്‌കളങ്കതയിലേക്കാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. ആ നിഷ്‌കളങ്കതയുടെ സ്വാതന്ത്ര്യമായിരുന്നു റൂസോ എന്ന ചിത്രകാരനെ സൃഷ്ടിച്ചതും.
1884ല്‍ ഫ്രാന്‍സിലെ ലാവല്‍ എന്ന സ്ഥലത്താണ് റൂസ്സോ ജനിച്ചത്; ദരിദ്രനായ ഒരു തകരപ്പണിക്കാരന്റെ മകനായിട്ട്. സ്‌കൂളിലെ പഠനം കഴിഞ്ഞുള്ള സമയം കൊച്ചു റൂസോയും പലതരത്തിലുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിട്ടും അന്നന്നത്തെ അന്നത്തിനുള്ള വഴികണ്ടെത്താന്‍ റൂസോയുടെ കുടുംബം നന്നേ ബൂദ്ധിമുട്ടി. ചിത്രകലയില്‍ തല്‍പ്പരനായിരുന്നെങ്കിലും ആര്‍ട്ട് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാനുള്ള പണമൊന്നും ഇല്ലാതിരുന്നതുകൊണ്ട് റൂസോ അതൊരു സ്വപ്നമായിപോലും മനസ്സില്‍ കൊണ്ടു നടന്നിരുന്നില്ല. കഷ്ടപ്പാടിലൂടെയാണെങ്കിലും സ്‌കൂള്‍ പഠനമൊക്കെ പൂര്‍ത്തിയാക്കി റൂസോ ഫ്രഞ്ച് കരസേനയില്‍ ചേര്‍ന്നു. നാലുവര്‍ഷത്തെ പട്ടാളസേവനത്തിനു ശേഷം പാരീസ് നഗരാതിര്‍ത്തിയിലുള്ള ഒരു ടോള്‍ഗേറ്റില്‍ ടോള്‍ കീപ്പറായി ജോലിചെയ്തു. 1893ല്‍ നാല്‍പ്പത്തിയൊമ്പതാം വയസ്സില്‍ ഭേദപ്പെട്ട പെന്‍ഷന്‍ നേടിക്കൊണ്ട് റൂസ്സോയുടെ ഉദ്യോഗസ്ഥ ജീവിതം അവസാനിച്ചു. പിന്നീട് ആ ജിവിതം പൂര്‍ണമായും ചിത്രകലയില്‍ മുഴുകി.

ഇക്കാലത്തിനിടയ്ക്ക് ചെറിയ സന്തോഷങ്ങളുടെയും അതിലേറെ ദുരന്തങ്ങളുടെയും വഴികളിലൂടെ നിഷ്‌കളങ്കനായ റൂസോ രണ്ടു വിവാഹം കഴിച്ചു. ആദ്യ ഭാര്യയില്‍ ഏഴു മക്കള്‍. അതില്‍ ഒരോയൊരു കുഞ്ഞു മാത്രമാണ് ശൈശവം കടന്ന് വളര്‍ന്നത്. ആദ്യ ഭാര്യ മരിച്ചപ്പോള്‍ രണ്ടാം വിവാഹം നടന്നു. വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ രണ്ടാം ഭാര്യയും മരിച്ചു. അങ്ങനെ ജീവിതത്തില്‍ രണ്ടു പ്രാവശ്യം വിധുരനാക്കപ്പെട്ട റൂസോ നാല്‍പ്പത്തൊമ്പതാം വയസ്സില്‍ സ്വയം ചിത്രകലയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് പുതിയൊരു ജീവിതത്തിലേക്ക് കടന്നു.
പാരീസിലെ ദരിദ്രമായൊരു തെരുവില്‍ താമസിച്ചുകൊണ്ടാണ് റൂസോ തന്റെ പുതിയ ജീവിതം ആരംഭിച്ചത്. ഒരു കുമ്മായപ്പണിക്കാരന്റെ കടയ്ക്കു മുകളില്‍ വാടകയ്‌ക്കെടുത്ത, ഒരു വാതിലും ഒരു ചെറിയ ജനാലയും മാത്രമുള്ള കുടുസ്സായ ഒറ്റ മുറിയില്‍. അവിടെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആ ഏകാകി ഏറെ പ്രയാസപ്പെട്ടു. ആഹാരത്തിനും വാടകയ്ക്കുമുള്ള പണം കണ്ടെത്താന്‍ അദ്ദേഹം പല ജോലികളും ചെയ്തു. താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ അറ്റത്ത് കട നടത്തിയിരുന്നയാള്‍ക്ക് ഭാഷ പഠിപ്പിച്ചുകൊടുത്തും അയല്‍ക്കാരുടെ വീടുകളിലും മറ്റും ചെറിയ ചിത്രപ്പണികള്‍ ചെയ്തും കത്തെഴുതാനറിയാത്തവര്‍ക്ക് കത്തെഴുതികൊടുത്തും പാല്‍ക്കച്ചവടക്കാരന്റെ മകളെ വയലിന്‍ പഠിപ്പിച്ചും ബാന്‍ഡ് പരിശീലകരോടൊപ്പം ചേര്‍ന്ന് ക്ലാര്‍നറ്റ് വായിച്ചും ഒക്കെ റൂസോ ജീവിതം തള്ളിനീക്കാനുള്ള പണം കണ്ടെത്തിക്കൊണ്ടിരുന്നു. ഈ പങ്കപ്പാടുകളിലൊന്നും റൂസോ ഒരിക്കലും വ്യാകുലനാകുകയോ നിരാശനാകുകയോ ചെയ്തിരുന്നില്ല. ഈ ചെറുജോലികള്‍ കഴിഞ്ഞുള്ള സമയം മുഴുവന്‍ തന്റെ ഏകാന്തമായ മുറിയില്‍ ആഹ്ലാദത്തോടെ അദ്ദേഹം ചിത്രരചനയില്‍ മുഴുകി. തന്റെ ചിത്രങ്ങള്‍ വിറ്റു പണമുണ്ടാക്കാമെന്ന വ്യാമോഹമൊന്നും റൂസോയ്ക്ക് ഉണ്ടായിരുന്നില്ല. ചിത്രരചനയില്‍ ഒരു പരിശീലനവും ഇല്ലാതെ വര്‍ണങ്ങളുടെ അതിരുകളില്ലാത്ത ലോകത്തെ നിഷ്‌കളങ്കതയോടെ സമീപിച്ചുകൊണ്ട് റൂസോ തന്റെ ഒറ്റമുറിയിലെ ഏകാന്തതയെ സൃഷ്ടിപരമായ ചൈതന്യംകൊണ്ട് ജീവത്താക്കിക്കൊണ്ടിരുന്നു. ‘നൈവ് ആര്‍ട്ടി‘ന്റെ ഏറ്റവും മോഹനമായ സൗന്ദര്യലോകം സൃഷ്ടിക്കുകയായിരുന്നു റൂസോ ആ ഏകാന്തതയില്‍. ഏതെങ്കിലുമൊരു കലാരൂപത്തിന്റെ അടിസ്ഥാനജ്ഞാനം പോലുമില്ലാതെ നിഷ്‌കളങ്കമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കലാണ് നൈവ് ആര്‍ട്ട്. റൂസോയുടെ ചിത്രകല പൂര്‍ണമായും അതായിരുന്നു. അതുകൊണ്ടുതന്നെ ചിത്രകലാലോകത്തിന്റെ ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാനുള്ള കൗശലമൊന്നും ആ നിഷ്‌കളങ്ക മനസ്സിനുണ്ടായിരുന്നില്ല. നീളം കുറഞ്ഞ, തോളുകള്‍ അല്‍പം മുമ്പോട്ടു വളഞ്ഞ വേഷത്തില്‍ ശ്രദ്ധാലുവല്ലാതിരുന്ന, സ്‌നേഹവും ആഹ്ലാദവും ഓളം വെട്ടുന്ന കണ്ണുകളുമുള്ള റൂസോയ്ക്ക് തന്റെ നേരേ മറ്റുള്ളവര്‍ തൊടുത്തുവിടുന്ന പരിഹാസ ശരങ്ങളെപോലും തിരിച്ചറിയാനുള്ള കൗശലമുണ്ടായിരുന്നില്ല. പരിഹാസങ്ങളെ പ്രശംസയായിപോലും അദ്ദേഹം തെറ്റിദ്ധരിച്ചു.

the-repast-of-the-lion
ഒരു ഗാലറിയില്‍ പ്രദര്‍ശനത്തിനുവച്ച ആദ്യ റൂസോ ചിത്രം ‘ഉറങ്ങുന്ന ജിപ്‌സി’ (The Sleep­ing Gyp­sy) യാണ്. ആ ചിത്രം കണ്ടവരൊക്കെ അതിന്റെ മുമ്പില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് കടന്നുപോയത്. ‘ഇതെന്തു കോപ്രായം’ എന്ന് ഉള്ളില്‍ ചോദിക്കുന്ന പരിഹാസച്ചിരി. പക്ഷേ, ചിത്രകാരന്‍ മാത്രം ആ ചിരികളെല്ലാം തന്റെ ചിത്രം കാണികളിലേക്ക് പകര്‍ന്ന ആഹ്ലാദത്തിന്റെ ചിരിയാണെന്ന് വിശ്വസിച്ചു. അതുകൊണ്ട്, തന്റെ ജന്മദേശമായ ലാവലിലെ നഗരാധികാരികള്‍ക്ക് അദ്ദേഹം കത്തെഴുതി. തന്റെ ‘ഉറങ്ങുന്ന ജിപ്‌സി’ എന്ന ചിത്രം ജനങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടതിനാല്‍ എന്നും അവരുടെ സ്മരണയില്‍ നിലനില്‍ക്കാന്‍ താനീചിത്രം നഗരത്തിനു സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നഗരാധികാരികള്‍ ഈ അഭ്യര്‍ത്ഥന പരിഹാസപൂര്‍വം നിരസിച്ചു. അപ്പോഴും റൂസോ ദുഖിതനായില്ല. തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാതിരുന്നവരോട് അദ്ദേഹം പരിഭവപ്പെട്ടില്ല. ഇന്ന് ലോക ചിത്രകലയിലെ മൗലികത്വമുള്ള ഫാന്റസി ചിത്രങ്ങളില്‍ ശ്രേഷ്ഠസ്ഥാനമലങ്കരിക്കുന്നു, കാണികളാല്‍ പരിഹസിക്കപ്പെട്ട ഈ ചിത്രം. ഇപ്പോള്‍ ഇത് ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് ഗാലറിയിലാണുള്ളത്. തൊള്ളായിരത്തി അറുപതുകളുടെ ആദ്യം, റൂസോ മരണപ്പെട്ട് അര നൂറ്റാണ്ടിനുശേഷം, 25,000 ഡോളറിനാണ് ഈ ചിത്രം ഗ്യാലറിയിലേക്ക് വാങ്ങിയത്. റൂസോയ്ക്ക് തന്റെ ജീവിതകാലത്തിനിടയില്‍ സ്വന്തം ചിത്രം വിറ്റു കിട്ടിയിരുന്ന പരമാവധി പണം ഇരുപത്തിയഞ്ചു ഡോളറായിരുന്നു. അതും ഒന്നോ രണ്ടോ പ്രാവശ്യം മാത്രം.
ഇങ്ങനെ പൊതുജനങ്ങള്‍ പരിഹാസത്തോടെ സമീപിച്ചിരുന്നെങ്കിലും ക്രമേണ റൂസോയുടെ ചിത്രലോകം തേടി പ്രമുഖര്‍ എത്താന്‍ തുടങ്ങി. ചിത്രകാരന്‍മാര്‍, കലാനിരൂപകര്‍ ഒക്കെ റൂസോയുടെ വിസ്മയലോകം സന്ദര്‍ശിച്ചു. അവരൊക്കെ റൂസോയുടെ അനന്യമായ പ്രതിഭയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രശംസിച്ചു. റൂസോ അതൊക്കെ നിഷ്‌കളങ്കമായ ആഹ്ലാദത്തോടെ സ്വീകരിച്ചു. പക്ഷേ, പൊതുജനം അപ്പോഴും ധരിച്ചിരുന്നത്. പ്രമുഖരുടെ പ്രശംസകളൊക്കെ പരിഹാസം ഒളിപ്പിച്ചുവച്ച വെറും വ്യാജ സ്തുതികളാണെന്നായിരുന്നു. അവര്‍ക്ക് റൂസോയുടെ നിഷ്‌കളങ്കതയെ മുറിവേല്‍പ്പിക്കുന്നതിലായിരുന്നു താല്‍പ്പര്യം.

henry
~ഒരിക്കല്‍, അന്നത്തെ പ്രമുഖനായൊരു ചിത്രകാരന്റെ വേഷംകെട്ടിച്ച് ഒരാളെ ചിലര്‍ റൂസോയുടെ മുറിയിലേക്ക് കൊണ്ടുവന്നു. പാവം റൂസോ അത് യഥാര്‍ഥ ചിത്രകാരനാണെന്നു തന്നെ ധരിച്ച് ”ഞാന്‍ എത്രകാലമായി അങ്ങയെ പ്രതീക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞ് സ്വീകരിച്ചു. മറ്റൊരിക്കല്‍, റൂസോയ്ക്ക് ഇഷ്ടം തോന്നിയിരുന്ന ഒരു സ്ത്രീ, അവര്‍ക്ക് റൂസോയെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്നു പറഞ്ഞെന്നും വിവാഹത്തിനായി ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നുവെന്നും ചിലര്‍ റൂസോയെ കബളിപ്പിക്കാന്‍ ഒരു കള്ളക്കഥയുണ്ടാക്കി. റൂസോ അത് വിശ്വസിച്ച്, ആഹ്ലാദത്തോടെ വിവാഹത്തിന് സുഹൃത്തുക്കളെയെല്ലാം ക്ഷണിച്ചു. പക്ഷേ, വിവാഹദിവസം വധു വരാതിരുന്നപ്പോഴാണ് താന്‍ ക്രൂരമായി കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞത്. തകര്‍ന്ന ഹൃദയത്തോടെ അപമാനിതനായിട്ടാണ് ആ ശുദ്ധഹൃദയന്‍ പള്ളിയില്‍ നിന്നും മടങ്ങിയത്. എന്നിട്ടും റൂസോ തന്നെ പരിഹസിച്ചവര്‍ക്കു നേരേ ഒരു ശാപവാക്കുപോലും ഉരിയാടിയില്ല.
ലോകത്തിന്റെ മുമ്പില്‍ റൂസോ ഒരു വലിയ ചിത്രകാരനായി മാറാന്‍ കാരണമായൊരു സംഭവവും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ്, പാബ്ലോ പിക്കാസോ സ്വന്തം സ്റ്റുഡിയോയില്‍ റൂസോയ്ക്ക് നല്‍കിയ ഗംഭീരമായ വിരുന്നായിരുന്നു അത്. ആ വിരുന്നില്‍ ആധുനിക ചിത്രകലയിലെ അസാധാരമമായ പ്രതിഭകളെല്ലാം പങ്കെടുത്തിരുന്നു. റൂസോയുടെ ചിത്രകലാലോകത്തിന്റെ മഹത്വം അങ്ങനെ ആ വിരുന്നിലൂടെ, അവിടെ വിളമ്പിയ മദ്യത്തിന്റെ ലഹരിപോലെ കലാസ്വാദകരുടെ ഗൃദയങ്ങളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. റൂസോയാകട്ടെ, വരാനിരിക്കുന്ന കാലം തന്റേതുകൂടിയാക്കി മാറ്റുന്ന ധന്യമൂഹൂര്‍ത്തമാണ് ഈ വിരുന്നു സത്ക്കാരമെന്നറിയാതെ മദ്യലഹരിയില്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ മടങ്ങി.
ഇന്ന് ലോകം വാഴ്ത്തുന്ന റൂസോ ചിത്രങ്ങളില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്നതാണ് ‘സ്വപ്നം’(The Dream) എന്ന ചിത്രം. റൂസോയുടെ മരണത്തിന് മാസങ്ങള്‍ക്കു മുമ്പ് പാരീസില്‍ പ്രദര്‍ശിപ്പിച്ച, അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. കൗമാരത്തില്‍ തന്റെ കാര്യസ്ഥയായിരുന്ന യാദിഗയെക്കുറിച്ചുള്ള ഒരു സ്വപ്നാനുഭവമായിട്ടാണ് ഈ ചിത്രം വരച്ചിട്ടുള്ളത്. വിഭ്രാമകമായ വനാന്തരീക്ഷത്തില്‍ ഒരു ദിവാന്‍ ബെഡില്‍ നഗ്നയായി ശയിക്കുന്ന യാദിഗ. സര്‍റിയലിസത്തിന്റെ മാന്ത്രിക ലാവണ്യംകൊണ്ട് വിസ്മയിപ്പിക്കുന്ന രചനയാണിത്. ഈ ചിത്രത്തില്‍ റൂസോ പച്ച നിറത്തിന്റെ അമ്പതില്‍പ്പരം വ്യത്യസ്ത വര്‍ണഭേദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
1910ല്‍ റൂസോ മരിച്ചു. പാരീസ് നഗരത്തിനു പുറത്തുള്ള ഒരു സെമിത്തേരിയില്‍ പാപ്പരായവര്‍ക്കുള്ള സ്ഥലത്താണ് റൂസോയെ അടക്കിയത്. പക്ഷേ, അദ്ദേഹത്തിന്റെ ചിത്രകാരന്‍മാരായ സുഹൃത്തുക്കള്‍ മാന്യമായൊരിടം കണ്ടെത്തി അവിടെ റൂസോയെ അടക്കി. കല്ലറയ്ക്കു മുകളില്‍ വയ്ക്കാനുള്ള ഫലകം ബ്രാന്‍കുസി എന്ന ശില്‍പ്പിയായ സുഹൃത്ത് കൊത്തിയെടുത്തു. ഫലകത്തിലെ വാക്കുകള്‍ റൂസോയുടെ പ്രിയ സുഹൃത്തായിരുന്ന അപ്പോളോണെയറിന്റേതായിരുന്നു.