വാഴയെ വീഴാതെ കാക്കാൻ ഇതാ ഒരു പുതിയ ടെക്‌നിക്

Web Desk
Posted on October 17, 2019, 7:46 pm

എക്കാലത്തും കൃഷിക്കാരുടെ പേടിസ്വപ്നമാണ് ശക്തമായ കാറ്റ്.  പ്രത്യേകിച്ച് വാഴ പോലുള്ള വിളകൾ കൃഷിചെയ്യുന്ന കർഷകരുടെ. വിവിധ മാര്‍ഗങ്ങള്‍ കൃഷിക്കാര്‍ പരീക്ഷിക്കാറുണ്ടെങ്കിലും അവക്കെല്ലാം തന്നെ പരിമിതികളുമുണ്ട്.  ഇത്തരം പരിമിതികള്‍ മിക്കവാറും ഒഴിവാക്കി വാഴകളും അതുപോലുള്ള ദുര്‍ബല വിളകളും സംരക്ഷിക്കുന്ന സംവിധാനത്തിനു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) രൂപം കൊടുത്തിരിക്കുകയാണ് ഇപ്പോൾ. കൊണ്ടുനടക്കാവുന്നതും ആയാസരഹിതമായി സ്ഥാപിക്കാവുന്നതുമായ സംവിധാനമാണിതെന്ന് അധികൃതര്‍ അവകാശപ്പെട്ടു, പോര്‍ട്ടബിള്‍ അഗ്രിക്കള്‍ചര്‍ നെറ്റ്‌വര്‍ക്ക് സിസ്റ്റം (പിഎഎന്‍എസ്) എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് സര്‍വകലാശാല പേറ്റന്റ് നേടിയിട്ടുണ്ട്.

കൃഷിയിടത്തിന്റെ അതിരുകള്‍ക്കു പുറത്തായി കോണ്‍ക്രീറ്റ് അടിത്തറയില്‍ സ്ഥാപിക്കുന്ന ജിഐ പൈപ്പുകളാണ് ഇതിലെ പ്രധാന ഘടകം. ഈ പൈപ്പുകളില്‍നിന്ന് ഓരോ വാഴയിലേക്കുമെത്തുന്ന ചരടുകളും വളയങ്ങളും ചേര്‍ന്നാല്‍ പിഎഎന്‍എസ് സംവിധാനമായി. വാഴത്തടയ്ക്കു കേടുവരാത്ത വിധത്തില്‍ കയര്‍, വാഴനാര്, കാന്‍വാസ് എന്നിവ ഉപയോഗിച്ചു വേണം വളയമുണ്ടാക്കാന്‍. വാഴകള്‍ക്കു താങ്ങ് നല്‍കുന്ന മറ്റ് ചില സംവിധാനങ്ങള്‍ക്ക് ഫ്രാന്‍സിലും ചൈനയിലുമൊക്കെ പേറ്റന്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ പരിസ്ഥിതിക്കു ദോഷവും വാഴയ്ക്കു ക്ഷതവുമുണ്ടാക്കുന്നവയാണ്. കൃഷിയിടത്തിന്റെ വലിയൊരു ഭാഗം ഇവ സ്ഥാപിക്കാനായി നീക്കിവയ്‌ക്കേണ്ടിവരുമെന്ന ദോഷവുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിന് ഇത്തരം ദോഷങ്ങളൊന്നുമില്ലെന്ന് കുസാറ്റ് അധികൃതര്‍ അവകാശപ്പെട്ടു. സര്‍വകലാശാലയിലെതന്നെ ഒരു അധ്യാപകന്റെ കൃഷിയിടത്തില്‍ പിഎഎന്‍എസ് സംവിധാനം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.

സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഐടി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. എം.ബി. സന്തോഷ്‌കുമാര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് പ്രഫസര്‍ ഡോ. ബി.കണ്ണന്‍, പുളങ്കുന്ന് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. ചെലവു കുറഞ്ഞതും കര്‍ഷകസൗഹൃദവുമായ ഈ സംവിധാനം കൃഷിക്കാരിലെത്തിക്കാന്‍ യോജ്യരായ പങ്കാളികളെ തേടുകയാണ് സര്‍വകലാശാല. ഇതില്‍നിന്നുള്ള വരുമാനത്തിന്റെ മുഖ്യപങ്ക് സര്‍വകലാശാലയുെട സാമൂഹിക പ്രതിബദ്ധതാപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കും.