പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കെ പി രാജേന്ദ്രന്‍

Web Desk
Posted on July 18, 2019, 8:23 pm

ആലപ്പുഴ: കയര്‍ വ്യവസായം അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ ഉതകുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) നടത്തിയ കയര്‍ഫെഡ് ഹെഡ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍ തൊഴിലാളികളെ രക്ഷിക്കുവാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന

ഫെഡറേഷന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സുഗതന്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ധര്‍ണ്ണയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് എ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ശിവരാജന്‍, സി കെ രാമനാഥന്‍, എന്‍ പി കമലാധരന്‍, പി രാജമ്മ, മനോജ് ഇടമന, ഡി പി മധു, കെ പി പുഷ്‌ക്കരന്‍, പി സി കുഞ്ഞച്ചന്‍, എസ് പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് ശിവപ്രസാദ്, ആര്‍ സുരേഷ്, കെ എല്‍ ബെന്നി, പി സി സോമിനി, ബിന, ബി നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്‍പ്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ കയറിനും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം കൂലി 600 രൂപയായി ഉയര്‍ത്തുക, സംഘങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുക, കയര്‍ വകുപ്പിന്റെ പക്ഷാപതരമായ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.